സുമലതയെ അവഗണിച്ച് ബിജെപി; മാണ്ഡ്യയില്‍ മത്സരിക്കാന്‍ തയാറായി എച്ച് ഡി കുമാരസ്വാമി, ലക്ഷ്യം കേന്ദ്രമന്ത്രിപദം

ലോക്സഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി സ്ഥാനാർഥിയാകുമെന്ന പ്രഖ്യാപനം വന്നതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധാകേന്ദ്രമായി മാണ്ഡ്യ മണ്ഡലം. നടി സുമലത അംബരീഷിൻ്റെ മണ്ഡലത്തിൽ അവരെ മറികടന്നാണ് കുമാരസ്വാമി മാണ്ഡ്യയിൽ മത്സരിക്കാനിറങ്ങുന്നത്. വിഷയത്തിൽ സുമലത ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

സുമലത കടുത്ത നിലപാടെടുത്താൽ തിരഞ്ഞെടുപ്പിൽ കുമാരസ്വാമിക്ക് പ്രതിസന്ധിയുണ്ടാകുമെന്നാണ് വിലയിരുത്തൽ. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ കഴിഞ്ഞയാഴ്‌ച സുമലതയെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തി സംസാരിച്ചിരുന്നെങ്കിലും മാണ്ഡ്യ ഒഴിഞ്ഞു കൊടുക്കാൻ സുമലത തയ്യാറായിട്ടില്ല.

ജെഡിഎസിനോട് നേരിട്ട് ഏറ്റുമുട്ടിയാണ് 2019ൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച സുമലത വിജയം നേടിയത്. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെയാണ് ബി.ജെ.പി.യുടെ പിന്തുണയോടെ അന്ന് സുമലത തോൽപ്പിച്ചത്. അതിനുശേഷം സുമലതയുമായി ജെ.ഡി.എസ്. അകലം പാലിച്ചിരുന്നു. പിന്നീട് സുമലത ബി.ജെ.പി.ക്കൊപ്പം ചേരുകയും ചെയ്‌തു. ബി.ജെ.പി. ടിക്കറ്റിൽ മാണ്ഡ്യയിൽ രണ്ടാം മത്സരത്തിനൊരുങ്ങുമ്പോഴാണ് ജെ.ഡി.എസ്. ബി.ജെ.പി. നേതൃത്വം നൽകുന്ന എൻ.ഡി.എ.യുടെ ഭാഗമായത്. മാണ്ഡ്യയിൽ സീറ്റ് നൽകണമെന്ന ജെ.ഡി.എസിന്റെ ആവശ്യത്തെ ബി.ജെ.പിക്ക് തിരസ്കരിക്കാനായില്ല. ഈ സാഹചര്യത്തിൽ സുമലതയെ തഴയാതെ ബിജെപിക്ക് വേറെ വഴിയില്ലാതെയായി. എന്നാൽ മാണ്ഡ്യ തന്നെ വേണമെന്ന നിർബന്ധം സുമലതയും തുടർന്നതാണ് ബി.ജെ.പിയിൽ പ്രതിസന്ധിക്കിടയാക്കിയത്.

സുമലതയുടെ ഭർത്താവും നടനുമായ അംബരീഷിന് ഏറെ സ്വാധീനമുള്ള മണ്ഡലമായിരുന്നു മാണ്ഡ്യ. അദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്നാണ് സുമലത രാഷ്ട്രീയത്തിലിറങ്ങിയത്. ജനങ്ങളിലുള്ള അംബരീഷിൻ്റെ സ്‌മരണയാണ് 2019- ൽ സുമലതയുടെ വിജയം ഉറപ്പാക്കിയത്. ആ സ്വാധീനത്തിലുള്ള വിശ്വാസത്തിലാണ് ഇത്തവണയും മാണ്ഡ്യയിൽ ജനവിധി തേടാൻ സുമലത തയാറായത്. വേറെ മണ്ഡലം നൽകാമെന്ന ബി.ജെ.പി. വാഗ്‌ദാനം ഏറ്റെടുക്കാതിരുന്നതും ഇതുകൊണ്ടാണ്.

അതേസമയം മാണ്ഡ്യ വഴി ലോക്‌സഭയിലെത്തി കേന്ദ്രമന്ത്രിപദത്തിലെത്താനാണ് എച്ച്.ഡി. കുമാരസ്വാമി ലക്ഷ്യമിടുന്നതെന്നാണ് സൂചന. ജെ.ഡി.എസിനെ ബി.ജെ.പി. നേതൃത്വം നൽകുന്ന എൻ.ഡി.എ.യിൽ എത്തിച്ചതിനു പിന്നിലും ഇങ്ങനെയൊരു നോട്ടമുണ്ടായിരുന്നെന്ന് വിലയിരുത്തലുണ്ടായിരുന്നു. കർണാടകത്തിൽ പാർട്ടി നേരിടുന്ന തകർച്ചയിൽനിന്ന് ഇങ്ങനെ കരകയറാമെന്നാണ് ജെ.ഡി.എസ്സിന്റെ കണക്കുകൂട്ടൽ. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ മകനായ കുമാരസ്വാമി ഇതുവഴി ദേവഗൗഡയുടെ പാത പിൻതുടരാനാണ് നീക്കം. മകൻ നിഖിൽ കുമാരസ്വാമിയെ സംസ്ഥാനത്ത് മുൻ നിരയിലെത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.