പ്രതിച്ഛായ മെച്ചപ്പെടുത്തി യു.പി പിടിക്കാൻ ബി.ജെ.പി; മന്ത്രിസഭാ പുനഃസംഘടനയുണ്ടാകും, രാജ്യവ്യാപക കാമ്പയിനുകൾക്ക് തുടക്കം കുറിക്കും

കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാർ പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ച പശ്ചാത്തലത്തിൽ  പ്രതിച്ഛായ വീണ്ടെടുക്കാൻ  ഒരുങ്ങി ബി.ജെ.പി.  രാജ്യവ്യാപകമായി വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. കേന്ദ്ര മന്ത്രിസഭാ പുനസംഘടനാ നടപടികളുമായി മുന്നോട്ട് പോകാനും പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.

മഹാമാരിയുടെ രണ്ടാം തരംഗത്തിൽ കേന്ദ്രത്തിനുണ്ടായ വീഴ്ചയിൽ അന്തർ ദേശീയ മാധ്യമങ്ങളടക്കം വലിയ വിമർശനമാണ് ഉന്നയിച്ചത്. ഈ സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ബിജെപിക്ക് രാഷ്ട്രീയമായി ഏറെ പ്രധാനമാണ്. ഇതിനെ നേരിടാനുള്ള തന്ത്രങ്ങളാണ് പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന് ഉന്നതതല യോഗത്തിൽ തീരുമാനമായത്.

വിപുലമായ പ്രതിച്ഛായ വർധിപ്പിക്കൽ കാമ്പയിനുകൾക്ക് രാജ്യവ്യാപകമായി തുടക്കം കുറിക്കും. സൗജന്യ വാക്‌സിൻ അടക്കമുള്ള വിഷയങ്ങളിലൂന്നിയാകും പ്രാചരണം. രണ്ടാം മന്ത്രിസഭാ വികസന നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും ധാരണയായി. ബിജെപി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ തയാറാക്കപ്പെട്ട പട്ടിക പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ഇതിൽ നിന്നാകും പ്രധാനമന്ത്രി മന്ത്രിസഭയിലുൾപ്പെടുത്താനുള്ള അന്തിമ പേരുകൾ കണ്ടെത്തുക. ഒന്നിലധികം മന്ത്രിമാർ മന്ത്രിസഭയിൽ നിന്ന് പാർട്ടി നേതൃത്വത്തിലേക്ക് മടങ്ങും. ഘടക കക്ഷികളിൽ ജെഡിയുവിന് രണ്ട് മന്ത്രിസ്ഥാനങ്ങൾ ലഭിക്കുമെന്നാണ് വിവരം. അടുത്ത മാസം നടക്കാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മന്ത്രിസഭാ പുനസംഘടന പൂർത്തിയാക്കും.