കനിമൊഴിയുടെ വീട്ടിലെ റെയ്ഡില്‍ അനധികൃതമായി ഒന്നും കണ്ടെത്തിയില്ലെന്ന് ഉദ്യോഗസ്ഥര്‍; പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഇടയില്‍ ഭീതി വളര്‍ത്താനാണ് മോദിയുടെ ശ്രമമെന്ന് കനിമൊഴി

ഡിഎംകെ നേതാവ് കനിമൊഴിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ അനധികൃതമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍. റെയ്ഡ് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നെന്നും ആദായനികുതി വകുപ്പ്. ഇക്കഴിഞ്ഞ രാത്രിയിലായിരുന്നു നാടകീയ സംഭവങ്ങള്‍. തൂത്തുക്കുടിയിലെ വീടിന്റെ ഒന്നാംനിലയില്‍ “ധാരാളം പണം” ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് വിവരം കിട്ടിയെന്നും അത് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. എന്നാല്‍ കനിമൊഴിക്കെതിരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

റെയ്ഡുകളിലൂടെ തങ്ങളെ ഭീഷണിപ്പെടുത്താനാണ് ആദായനികുതി വകുപ്പ് ശ്രമിക്കുന്നതെന്നും ആദായനികുതി വകുപ്പും തിരഞ്ഞെടുപ്പു കമ്മീഷനും മോദിയുമായി സഖ്യത്തിലാണെന്നും കനിമൊഴി ആരോപിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഭീതി പടര്‍ത്താനാണ് മോദി ശ്രമിക്കുന്നതെന്നും കനിമൊഴി പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷയും തൂത്തുക്കുടിയിലെ സ്ഥാനാര്‍ത്ഥിയുമായ തമിളിസൈ സൗന്ദരരാജന്റെ വീട്ടില്‍ കോടിക്കണക്കിന് രൂപയാണ് ഒളിപ്പിച്ചു വെച്ചിട്ടുള്ളതെന്നും ആദായനികുതി വകുപ്പുകാര്‍ അവിടെ റെയ്ഡ് നടത്താത്തത് എന്തു കൊണ്ടാണെന്നും ചോദിച്ച് ഡിഎംകെ നേതാവും കനിമൊഴിയുടെ സഹോദരനുമായ എംകെ സ്റ്റാലിന്‍ രംഗത്തു വന്നു. സിബിഐ, ആദായനികുതി വകുപ്പ്, ജുഡീഷ്യറി, ഇലക്ഷന്‍ കമ്മീഷന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഇടപെടാനായി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തോല്‍വിയെ കുറിച്ചുള്ള ഭീതിയാണ് ഇതെല്ലാം അവരെ കൊണ്ട് ചെയ്യിക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഡിഎംകെ കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായ റെയ്ഡുകള്‍ സംസ്ഥാനത്ത് നടന്നു വരികയാണ്. വെല്ലൂരില്‍ നിന്ന് 500 കോടി രൂപ റെയ്ഡിലൂടെ പിടിച്ചെടുത്തിരുന്നു. ഡിഎംകെ സ്ഥാനാര്‍ത്ഥി കതിര്‍ ആനന്ദിന്റെ വീട്ടില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. ഡിഎംകെ ട്രഷറര്‍ ദൊരൈ മുരുകന്റെ മകനാണ് കതിര്‍. ദൊരൈ മുരുകന്റെ വീട്ടില്‍ നിന്നും 10.50 കോടി രൂപയും മറ്റൊരു ഡിഎംകെ നേതാവിന്റെ വീട്ടില്‍ നിന്ന് 11.53 കോടി രൂപയും പിടിച്ചെടുത്തെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.