നിതീഷ് കുമാര്‍ രാജിവെച്ചു; ബി.ജെ.പിയുമായുള്ള സഖ്യം വിച്ഛേദിച്ചു

ബിഹാറില്‍ നിര്‍ണാക രാഷ്ട്രീയ നീക്കങ്ങള്‍. നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടാണ് നിതീഷ് കുമാര്‍ രാജിക്കത്ത് കൈമാറിയത്. പാര്‍ട്ടി എംപിമാരുടെയും നിയമസഭാംഗങ്ങളുടെയും യോഗം അദ്ദേഹത്തിന്റെ വസതിയില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു ഈ തിരുമാനം. നിതീഷിന്റെ ജനതാദള്‍ യുണൈറ്റഡ് എന്‍ഡിഎയില്‍ നിന്ന് വേര്‍പിരിയുന്നതിന്റെ ഭാഗമായിട്ടാണ് രാജി.

ആര്‍ജെഡിയുടെ പിന്തുണക്കത്തും അദ്ദേഹം ഗവര്‍ണര്‍ക്കു കൈമാറി. ഇനി ആര്‍ജെഡി നേതാവ് തേജസ്വി യാദവിനൊപ്പം വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദവുമായി നിതീഷ് കുമാര്‍ വീണ്ടും ഗവര്‍ണറെ കാണുമെന്നാണ് റിപ്പോര്‍ട്ട്.

ബിജെപി സഖ്യം ഉപേക്ഷിച്ച് പുറത്തുവന്നാല്‍ ജെഡിയുവിനെ പിന്തുണയ്ക്കുമെന്ന് ആര്‍ജെഡിയും കോണ്‍ഗ്രസും പ്രഖ്യാപിച്ചിരുന്നു. ഇരു പാര്‍ട്ടികളും പിന്തുണയറിയിച്ച് നിതീഷ് കുമാറിന് കത്ത് നല്‍കി. മഹാരാഷ്ട്രയിലെ മാതൃകയില്‍ ജെഡിയു-ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ രൂപീകരിച്ചേക്കും.

Read more

ബിഹാറിലെ 243 അംഗ നിയമസഭയില്‍ 80 സീറ്റാണ് ആര്‍ജെഡിക്കുള്ളത്. 16 സീറ്റുള്ള പ്രതിപക്ഷ നിരക്ക് ജെഡിയുവിന്റെ 45 സീറ്റുകൂടി ലഭിച്ചാല്‍ കേവല ഭൂരിപക്ഷമായ 122 മറികടക്കാം. അങ്ങനെ സംഭവിച്ചാല്‍ എന്‍ഡിഎ 82 സീറ്റിലേക്കൊതുങ്ങും.