പഞ്ചാബില്‍ കോണ്‍ഗ്രസിനു വീണ്ടും തിരിച്ചടി; നാല് മുന്‍ മന്ത്രിമാരടക്കം അഞ്ച് പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

പഞ്ചാബില്‍ കോണ്‍ഗ്രസിനു വീണ്ടും തിരിച്ചടി. മുതിര്‍ന്ന നേതാവ് സുനില്‍ ജാഖറിനു പിന്നാലെ നാലു മുന്‍ മന്ത്രിമാരടക്കം അഞ്ച് പേര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇവരില്‍ നാലു പേരും 2022 ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടവരാണ്.

മുന്‍ മന്ത്രിമാരായ ഗുര്‍പ്രീത് സിംഗ് കംഗാര്‍, ബല്‍ബീര്‍ സിംഗ് സിദ്ദു, രാജ് കുമാര്‍ വെര്‍ക്ക, സുന്ദര്‍ ശ്യാം അറോറ എന്നിവരും ബർണാലയിൽ നിന്നുള്ള മുൻ എംഎൽഎ കേവൽ ധില്ലന്‍ എന്നിവരാണ് കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചത്.

കഴിഞ്ഞ മാസമാണ് സുനില്‍ ജാഖര്‍ ബിജെപിയില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെയാണ് നേതാക്കളുടെ ബിജെപിയിലേക്കുള്ള കൂട്ട പലായനം.

പഞ്ചാബില്‍ കനത്ത തോല്‍വിക്ക് പിന്നാലെ മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്കെതിരെ വിമര്‍ശനം നടത്തിയതിന് സുനില്‍ ജാഖറിന് നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുനില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുകയും ബിജെപിയില്‍ ചേരുകയും ചെയ്തത്.