'പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രസ്താവനകള്‍ നടത്താന്‍ പഠിപ്പിക്കുന്നുണ്ടോ?' സി.എ.എയ്ക്കെതിരെ നാടകം അവതരിപ്പിച്ച വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്ത് കര്‍ണാടക പൊലീസ്

കര്‍ണാടകയിലെ സ്‌കൂളില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നാടകം അവതരിപ്പിച്ച വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്ത് പൊലീസ്. ഒമ്പതിനും പന്ത്രണ്ടിനുമിടയില്‍ പ്രായമുള്ള കുട്ടികളെയാണ് പൊലീസുകാര്‍ വിവിധ സമയങ്ങളിലായി ചോദ്യം ചെയ്തത്. ഡി.വൈ.എസ്.പി ബസവേശ്വര ഹീരയുടെ നേതൃത്വത്തില്‍ 12 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ നാലുമണിയോടെയാണ് അവസാനിപ്പിച്ചതെന്ന് സ്‌കൂളിന്റെ ചുമതലയുള്ള തൗസീഫ് മടിക്കേരി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രസ്താവനകള്‍ നടത്താന്‍ സ്‌കൂളില്‍നിന്നും പഠിപ്പിക്കുന്നുണ്ടോ, സി.എ.എ, എന്‍.ആര്‍.സി വിഷയങ്ങളില്‍ തെറ്റായ വിവരങ്ങളാണോ സ്‌കൂള്‍ നല്‍കാറുള്ളത് എന്നതടക്കമുള്ള ചോദ്യങ്ങളാണ് പൊലീസുകാര്‍ വിദ്യാര്‍ത്ഥികളോട് ചോദിച്ചതെന്നും ദ ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ സ്‌കൂളിലെ പ്രധാനാധ്യാപികയ്ക്കും ഒരു വിദ്യാര്‍ത്ഥിയുടെ മാതാവിനുമെതിരെ പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. സ്‌കൂള്‍ മാനേജ്മെന്റിലെ അഞ്ചുപേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

എ.ബി.വി.പി പ്രവര്‍ത്തകന്‍ നിലേഷ് രക്ഷാലയുടെ പരാതിയിന്‍മേലാണ് പൊലീസ് സ്‌കൂളിനെതിരെ ജനുവരി 26ന് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇരുവര്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കുറ്റപത്രം തയ്യാരാക്കിയിരിക്കുന്നത്. ഇതിന്റെ കൂടെ മനപ്പൂര്‍വ്വമായ അപമാനിക്കല്‍, മനപ്പൂര്‍വ്വം സമാധാനം നശിപ്പിക്കാന്‍ ശ്രമിക്കല്‍, വിരോധമുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.