ഭീമാ കൊറേഗാവ് കേസ്; വരവര റാവുവിന് സ്ഥിരജാമ്യം

ഭീമ കൊറേഗാവ് കേസില്‍ പ്രതിയായ കവി വരവരറാവുവിന് സ്ഥിരജാമ്യം അനുവദിച്ച് സുപ്രീംകോടതി. ജസ്റ്റിസ് യുയു ലളിത്, എസ് രവീന്ദ്ര ഭട്ട, അനിരുദ്ധ ബോസ്, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് സ്ഥിര ജാമ്യം അനുവദിക്കുന്നതെന്ന് കോടതി പറഞ്ഞു.

നിലവില്‍ ഇടക്കാല ജാമ്യത്തിലാണ് വരവര റാവു. ജാമ്യം അനുവദിക്കരുതെന്ന് എന്‍ഐഎ ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം തള്ളുകയായിരുന്നു. ഗ്രേറ്റര്‍ മുംബൈ വിട്ട് പോകരുത് എന്നാണ് ജാമ്യവ്യവസ്ഥ. സാക്ഷികളുമായി ബന്ധപ്പെടുകയോ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്നും ബെഞ്ച് ഉത്തരവിട്ടു. നേരത്തെ മുംബൈ ഹൈക്കോടതി വരവര റാവുവിന്റെ ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

2017 ഡിസംബര്‍ 13ന് പൂനെയിലെ എല്‍ഗാര്‍ പരിഷത്ത് സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് വരവര റാവു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. പ്രസംഗം സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്നതാണ് എന്നായിരുന്നു കേസ്. നിരോധിത മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുഎപിഎ ചുമത്തി 2018 ഓഗസ്റ്റ് 28നാണ് അറസ്റ്റ് ചെയ്തത്. 2018 നവംബറില്‍ അദ്ദേഹത്തെ മുംബൈയിലെ തലോജ ജയിലിലേക്ക് മാറ്റി. 2020ല്‍ ആരോഗ്യനില വഷളായപ്പോള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2021 ഫെബ്രുവരിയില്‍ ഹൈക്കോടതി 6 മാസത്തെ മെഡിക്കല്‍ ജാമ്യം അനുവദിച്ചു. പിന്നീട് മെഡിക്കല്‍ ജാമ്യം മൂന്ന് മാസത്തേക്കും കൂടി നീട്ടി നല്‍കി. ഇതിനിടെയാണ് സുപ്രീംകോടതി ഇപ്പോള്‍ സ്ഥിര ജാമ്യം അനുവദിച്ചിരിക്കുന്നത്.