രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതി എല്‍കെ അദ്വാനിക്ക്; ഭാരത രത്‌ന നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായിരുന്ന എല്‍കെ അദ്വാനിക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരത രത്‌ന. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എക്‌സ് വഴിയാണ് ഇക്കാര്യം അറിയിച്ചത്.

എല്‍കെ അദ്വാനിക്ക് ഭാരത രത്‌ന നല്‍കുമെന്ന കാര്യം പങ്കുവെക്കുന്നതില്‍ അതിയായ സന്തോഷമാണുള്ളത്. അദ്ദേഹത്തോട് സംസാരിക്കുകയും ഈ ബഹുമതി ലഭിച്ചതില്‍ അഭിനന്ദിക്കുകയും ചെയ്തു.

നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരില്‍ ഒരാളാണ് അദ്വാനി, ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ സ്മരണീയമാണ്. താഴേത്തട്ടില്‍ പ്രവര്‍ത്തിച്ച് തുടങ്ങി ഉപപ്രധാനമന്ത്രിയായി രാജ്യത്തെ സേവിക്കുന്നത് വരെയുള്ള ജീവിതമാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ പാര്‍ലമെന്ററി ഇടപെടലുകള്‍ എല്ലായ്‌പ്പോഴും മാതൃകാപരവും സമ്ബന്നമായ ഉള്‍ക്കാഴ്ചകള്‍ നിറഞ്ഞതുമായിരുന്നുവെന്നും പ്രധാനമന്ത്രി മോദി എക്‌സിലെ കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

ആഭ്യന്തര മന്ത്രിയായും കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായും അഡ്വാനി സേവനം ചെയ്തിട്ടുണ്ട്. അദേഹത്തിന് ഇപ്പോള്‍ 96 വയസാണുള്ളത്.