പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധനം; യുഎപിഎ ട്രൈബ്യൂണല്‍ ഉത്തരവിനെ ചോദ്യം ചെയ്ത് ഒഎംഎ സലാം സുപ്രീം കോടതിയില്‍

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധനം ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍. നിരോധനം ശരിവച്ച യുഎപിഎ ട്രൈബ്യൂണല്‍ ഉത്തരവിനെ ചോദ്യം ചെയ്ത് സംഘടനയുടെ ചെയര്‍മാന്‍ ഒഎംഎ സലാമാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. രാജ്യ സുരക്ഷ, ക്രമസമാധാനം തകര്‍ക്കല്‍ തുടങ്ങിയവ കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാരാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

യുഎപിഎ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം അഞ്ച് വര്‍ഷത്തേക്കായിരുന്നു പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. 2022 സെപ്റ്റംബറിലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഡല്‍ഹി ഹൈക്കോടതിയില്‍ ജസ്റ്റിസ് ദിനേഷ് കുമാര്‍ അധ്യക്ഷനായ ട്രിബ്യൂണല്‍ നിരോധനം ശരിവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സുപ്രീംകോടതിയെ സമീപിച്ചത്.

റീഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യുമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റീഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ സംഘടനകളാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കൊപ്പം കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്.