മീന്‍ പിടിക്കവെ ശ്രീലങ്കന്‍ കടല്‍ക്കൊള്ളക്കാര്‍ ആക്രമിച്ചു, അരിവാളിന് വെട്ടി; മത്സ്യത്തൊഴിലാളികള്‍ ആശുപത്രിയില്‍

തമിഴ്‌നാട് തീരത്തുനിന്ന് മീന്‍പിടിക്കാന്‍ പുറപ്പെട്ട മത്സ്യത്തൊഴിലാളികളെ പുറങ്കടലില്‍ ശ്രീലങ്കന്‍ കടല്‍ക്കൊള്ളക്കാര്‍ ആക്രമിച്ചു. അക്രമികള്‍ അരിവാളും കത്തിയും വടിയും ഉപയോഗിച്ച് ആക്രമിച്ചതിന് ശേഷം ബോട്ട് കൊള്ളയടിച്ചു. പരിക്കേറ്റ തൊഴിലാളികള്‍ നാഗപട്ടണം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

നാഗപട്ടണത്തുനിന്ന് പുറപ്പെട്ട മത്സ്യത്തൊഴിലാളികള്‍ വേദരണ്യത്തിനടുത്ത് കൊടിയക്കരയ്ക്ക് തെക്കുകിഴക്കായി ഇന്നലെ രാത്രി മീന്‍പിടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ശ്രീലങ്കന്‍ കടല്‍ക്കൊള്ളക്കാര്‍ ബോട്ട് ആക്രമിച്ചത്. ചെറുബോട്ടുകളിലെത്തി മത്സ്യബന്ധനയാനം വളഞ്ഞ ശ്രീലങ്കന്‍ കൊള്ളക്കാര്‍ കത്തിയും വടിയുമായി കയറിവന്ന് ആക്രമിക്കുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറയുന്നു.

ചോരവാര്‍ന്ന് അവശരായാണ് മത്സ്യതൊഴിലാളികള്‍ തീരത്ത് മടങ്ങിയെത്തിയത്. ഈ തൊഴിലാളികളെ നാഗപട്ടണം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടേയും പരിക്ക് അതീവ ഗുരുതരമല്ലെന്നാണ് വ്യക്തമാകുന്നത്.

അതേസമയം ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്് കടല്‍ക്കൊള്ളക്കാരുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശേഷം കഴിഞ്ഞ 6 മാസമായി ഇത് തുടരുകയാണെന്നാണ് മത്സ്യതൊഴിലാളികള്‍ പറയുന്നത്.