ഹലാല്‍ മാംസം വിറ്റ കച്ചവടക്കാരന് നേരെ ആക്രമണം; ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കര്‍ണാടകയില്‍ ഹലാല്‍ മാംസം വിറ്റ കച്ചവടക്കാരന് നേരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. ഭദ്രാവതിയിലെ ഒരു മുസ്ലിം കച്ചവടക്കാരനെയാണ് ഒരു സംഘമാളുകള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഹലാല്‍ മാംസത്തിനെതിരെ ഉയര്‍ന്ന ഗുരുതരമായ എതിര്‍പ്പ് പരിശോധിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞതിന് പിന്നാലെയാണ് ആക്രമണം.

സംഭവത്തില്‍ ഹൊസാമനെ സ്റ്റേഷനില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതായി ശിവമോഗ പൊലീസ് അറിയിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഹൊസാമനെ പ്രദേശത്ത് ഹലാല്‍ മാംസത്തിനെതിരെ പ്രചാരണം നടത്തുകയായിരുന്നു. ഇതിനിടെയാണ് മുസ്ലിം മാംസക്കച്ചവടക്കാരനായ തൗസിഫിനെ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത്. ഹലാല്‍ അല്ലാത്ത ഭക്ഷണം വില്‍ക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത് കടയില്‍ നിലവില്‍ ഇല്ലെന്നും ഏര്‍പ്പെടുത്താമെന്നും കച്ചവടക്കാരന്‍ മറുപടി നല്‍കി. ഇതില്‍ പ്രകോപിതരായാണ് പ്രവര്‍ത്തകര്‍ ഇയാളെ മര്‍ദ്ദിച്ചത്.

ശിവമോഗ ജില്ലയിലെ തന്നെ മറ്റൊരു സംഭവത്തില്‍, പഴയ ഭദ്രാവതിയിലെ ഹോട്ടല്‍ ഉടമയെ ‘നോണ്‍-ഹലാല്‍’ മാംസം വിളമ്പാത്തതിന് ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തതിന് ഇതേ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഹലാല്‍ മാംസ വിഷയം സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ബൊമ്മെ ബുധനാഴ്ച പറഞ്ഞിരുന്നു. ‘ഹലാല്‍ വിഷയം തുടങ്ങിയിട്ടേയുള്ളൂ. അതിനെക്കുറിച്ച് പഠിക്കണം. ഇത് ഒരു സമ്പ്രദായമാണ്. ഇപ്പോള്‍ അതിനെക്കുറിച്ച് ഗുരുതരമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഞാന്‍ അത് പരിശോധിക്കും,’ എന്നാണ് ബൊമ്മൈ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.