'ആ നിമിഷം ഞങ്ങള്‍ പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞു'; ചരിത്രസ്ഫോടനത്തിന് ബട്ടണ്‍ അമര്‍ത്തിയ എൻജിനീയറുടെ വെളിപ്പെടുത്തല്‍

വാഗ്ദാനലംഘന പരാതിയെത്തുടര്‍ന്ന് വിവാദത്തിലായ നോയിഡയിലെ സൂപ്പര്‍ടെക് ഇരട്ട ഫ്‌ളാറ്റ് സമുച്ചയം നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഞായറാഴ്ച പൊളിച്ചുനീക്കുകയുണ്ടായി. ഞായറാഴ്ച ഉച്ചയ്ക്ക് കൃത്യം 2.30-ന് ആരംഭിച്ച പൊളിക്കല്‍ സെക്കന്‍ഡിനുള്ളില്‍ പൂര്‍ത്തിയായി. ഇപ്പോഴിതാ
ആ ചരിത്രസ്ഫോടനത്തിന് ബട്ടന്‍ അമര്‍ത്തിയ നിമിഷം ഓര്‍ത്തെടുക്കുകയാണ് ടവറുകള്‍ പൊളിക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്ന എഡിഫൈസ് എഞ്ചിനീയറായ ചേതന്‍ ദത്ത.

‘ഞാന്‍ ബട്ടന്‍ അമര്‍ത്തി. ഒരു വലിയ ശബ്ദം മാത്രം കേട്ടു. കെട്ടിടത്തിലേക്ക് നോക്കിയപ്പോള്‍ അവിടെ ഒന്നുമില്ല, വെറും പൊടിപടലം മാത്രം. പൊടി പടലങ്ങള്‍ ശമിക്കാന്‍ ഞങ്ങള്‍ കാത്തുനിന്നില്ല..മുഖംമൂടി ധരിച്ച് ഞങ്ങള്‍ ആ സൈറ്റിന്റെ അകത്തേക്ക് പ്രവേശിച്ചു. സ്ഫോടനം വിജയകരമാണെന്ന് ഞങ്ങള്‍ക്ക് മനസിലായി. ആ നിമിഷം ഞങ്ങള്‍ പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞു’ അദ്ദേഹം പറഞ്ഞു.

‘സ്ഫോടനം നടക്കുന്നതിന് അര മണിക്കൂര്‍ മുമ്പാണ് ഞങ്ങള്‍ സ്ഥലത്തെത്തിയത്. ഇരട്ടക്കെട്ടിടം പൊളിക്കാനായി സൈറണ്‍ മുഴക്കിയതിന് ശേഷം ടീമിലെ ആരും പരസ്പരം സംസാരിച്ചില്ല. എല്ലാവരും ടെന്‍ഷനിലായിരുന്നു’ അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്ത ഏറ്റവും വലിയ കെട്ടിടമാണ് ഇത്. 40 നിലകളില്‍ 900 ഫ്ളാറ്റുകളും 21 കടമുറികളുമാണ് നോയ്ഡ ട്വിന്‍ ടവറിലുണ്ടായിരുന്നത്. കെട്ടിടത്തില്‍ 7000 ദ്വാരങ്ങള്‍ ഉണ്ടാക്കിയാണ് സ്ഫോടക വസ്തു നിറച്ചത്. സ്‌ഫോടനം നടത്താനായി 20000 സര്‍ക്യൂട്ടുകളും സജ്ജമാക്കിയിരുന്നു. 3700 കിലോഗ്രാം സ്ഫോടക വസ്തുവാണ് ടവര്‍ തകര്‍ക്കാന്‍ ഉപയോഗിച്ചത്.

നോയിഡ-ഗ്രേറ്റര്‍ നോയിഡ എക്സ്പ്രസ് ഹൈവേയ്ക്ക് സമീപമാണ് കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. സ്ഫോടനത്തിന് മുന്നോടിയായി പ്രദേശത്ത് കനത്ത ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിരുന്നത്. പ്രദേശവാസികളോട് രാവിലെ തന്നെ ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നു.

2014 ലാണ് ഇരട്ടകെട്ടിടം പൊളിക്കാന്‍ കോടതി ഉത്തരവിട്ടത്. വൈകാതെ കേസ് സുപ്രീംകോടതിയിലും എത്തി. ഏഴ് വര്‍ഷം നീണ്ട വാദ പ്രതിവാദത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരി വെക്കുകയായിരുന്നു.