ഷാരൂഖ്, സൽമാൻ, ആമിർ എന്നിവരുടെ സ്വത്തുക്കളിൽ അന്വേഷണം വേണം: സുബ്രഹ്മണ്യൻ സ്വാമി

“ഇന്ത്യൻ സിനിമയിലെ ഖാൻ ത്രിമൂർത്തികളുടെ” സ്വത്തിന്റെ നിയമസാധുതയെ ചോദ്യം ചെയ്ത് മുൻ കേന്ദ്ര കാബിനറ്റ് മന്ത്രി സുബ്രഹ്മണ്യൻ സ്വാമി. “3 ഖാൻ മസ്കറ്റീയർമാർ ഇന്ത്യയിലും വിദേശത്തും പ്രത്യേകിച്ച് ദുബായിലും സൃഷ്ടിച്ച സ്വത്തുക്കൾ അന്വേഷിക്കേണ്ടതുണ്ട്. ആരാണ് അവർക്ക് അവിടെ ബംഗ്ലാവുകളും സ്വത്തുക്കളും സമ്മാനിച്ചത്, അവർ അത് എങ്ങനെ വാങ്ങി, അതിന്റെ ഉടമ്പടികൾ എന്നിവ ഇ.ഡി, ഐ.ടി, സി.ബി.ഐ എന്നിവയുടെ എസ്‌.ഐ.ടി അന്വേഷിക്കേണ്ടതുണ്ട്. അവർ നിയമത്തിന് അതീതരാണോ?”- സുബ്രഹ്മണ്യൻ സ്വാമി തന്റെ ട്വിറ്ററിൽ കുറിച്ചു.

ബോളിവുഡിലെ അഭിനേതാക്കളായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ എന്നിവരെയാണ് “3 ഖാൻ മസ്കറ്റിയേഴ്സ് ഇൻ ഇന്ത്യ” എന്ന പ്രയോഗം കൊണ്ട് സുബ്രഹ്മണ്യൻ സ്വാമി ഉദ്ദേശിച്ചത്.

അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യക്കേസുമായി ബന്ധപ്പെട്ട് ബോളിവുഡിലെ ചില വലിയ പേരുകളുടെ നിശ്ശബ്ദതയെ കുറിച്ചും സുബ്രഹ്മണ്യൻ സ്വാമി ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യക്കേസിൽ സി.ബി.ഐ അന്വേഷണം വേണോ എന്ന് കണ്ടെത്താൻ അഭിഭാഷകനെ നിയോഗിച്ചതായി സുബ്രഹ്മണ്യൻ സ്വാമി നേരത്തെ ട്വീറ്റിലൂടെ വെളിപ്പെടുത്തിയിരുന്നു.