ഡല്‍ഹിയില്‍ പീഡനത്തിന് ഇരയായ യുവതിക്ക് നേരെ ആക്രമണം; മുടിമുറിച്ച് മുഖത്ത് കരി ഓയില്‍ ഒഴിച്ചു

ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ ഒരു കൂട്ടം സ്ത്രീകള്‍ പരസ്യമായി ആക്രമിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ ഷാഹ്ദറയിലാണ് സംഭവം. പീഡത്തിനിരയായ യുവതിയെ വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയ സ്ത്രീകള്‍ യുവതിയുടെ മുടി മുറിച്ച് മുഖത്ത് കരി ഓയില്‍ ഒഴിച്ചു. തുടര്‍ന്ന യുവതിയെ ചെരുപ്പുമാല അണിയിക്കുകയും നഗരമധ്യത്തിലൂടെ നടത്തിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സ്ത്രീകള്‍ കൂട്ടം ചേര്‍ന്ന യുവതിയെ ആക്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. യുവതിയെ അപമാനിക്കുന്നത് നോക്കി നിന്ന് അതിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന ആള്‍ക്കൂട്ടത്തേയും ദൃശ്യങ്ങളില്‍ കാണാം. ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാളാണ് ട്വിറ്ററിലൂടെ സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചത്. അനധികൃതമായി മദ്യവില്‍പ്പന നടത്തുന്ന ഒരു സംഘം ആളുകള്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചതാണ് സംഭവമെന്ന് സ്വാതി മലിവാള്‍ ട്വീറ്റ് ചെയ്തു. സംഭവത്തില്‍ ഡല്‍ഹി പൊലീസിന് നോട്ടീസ് അയച്ചു. യുവതിക്കും കുടുംബത്തിനും പൊലീസ് സമ്പൂര്‍ണ പരിരക്ഷ ഉറപ്പുവരുത്തണം എന്നും സ്വാതി ആവശ്യപ്പെട്ടു.

അതേസമയം യുവതിയെ മര്‍ദ്ദിച്ച സംഭവത്തില്‍ നാലി പേരെ അറസ്റ്റ് ചെയ്തതായി ഷാഹ്ദറ ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍. സത്യസുന്ദരം അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ് എന്നും അദ്ദേഹം പറഞ്ഞു. യുവതിക്ക് കൗണ്‍സലിങ് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കുകയാണ് എന്നും പൊലീസ് അറിയിച്ചു.

അടുത്തിടെ ആത്മഹത്യ ചെയ്ത യുവാവിന്റെ കുടുംബമാണ് യുവതിയെ അപമാനിച്ചത് എന്ന് വ്യക്തമായി. യുവാവിന്റെ ആത്മഹത്യയ്ക്ക് കാരണം യുവതിയാണെന്ന് ആരോപിച്ചായിരുന്നു ബന്ധുക്കള്‍ ആക്രമിച്ചത്. യുവാവിന്റെ മരണശേഷം യുവതി തന്റെ കുഞ്ഞിനൊപ്പം വാടക വീട്ടില്‍ കഴിയുകയായിരുന്നു.