ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചു എന്നാരോപണം; രാഹുൽ ഗാന്ധിക്കെതിരെ ക്രിമിനൽ കേസെടുക്കാൻ നിർദേശിച്ച് അസം മുഖ്യമന്ത്രി

ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചു എന്നാരോപണത്തെ തുടർന്ന് രാഹുൽ ഗാന്ധിക്കെതിരെ ക്രിമിനൽ കേസെടുക്കാൻ നിർദേശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ.നേരത്തെ, ഭാരത് ന്യായ് യാത്രയ്ക്ക് ഗുവാഹത്തിയിലെ റോഡുകളിലൂടെ നീങ്ങാൻ സർക്കാർ അനുമതി നിഷേധിച്ചിരുന്നു. യാത്ര തടഞ്ഞതോടെ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ഗുവാഹത്തിയിൽ യാത്ര തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്.

ന്യായ് യാത്രികൾ പ്രകേപിതരായതോടെ സംഘർഷം രൂക്ഷമായി. അണികൾ ബാരിക്കേഡുകൾ പൊളിച്ചു നീക്കി. ഇതോടെ പൊലീസ് ലാത്തിച്ചാർജ് ആരംഭിച്ചു.അക്രമം തുടങ്ങിയതോടെ ശാന്തരാകാൻ പ്രവർത്തകർക്ക് രാഹുൽ ഗാന്ധി നിർദ്ദേശം നൽകി. പൊലീസ് ലാത്തിച്ചാർജിൽ നേതാക്കൾ അടക്കമുള്ളവർക്ക് പരുക്കേറ്റെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഗുണ്ടയെപ്പോലെ പെരുമാറുന്നു എന്നും പിസിസി അധ്യക്ഷൻ ഭൂപൻ ബോറ പ്രതികരിച്ചു.

ഗുവാഹത്തിയില്‍ ഇന്ന് പ്രവൃത്തിദിനമാണെന്നും പ്രധാന നഗര റോഡുകളിലൂടെ യാത്ര അനുവദിക്കുന്നത് ഗതാഗതക്കുരുക്കിന് കാരണമായേക്കാമെന്നും പറഞ്ഞാണ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. അസം സര്‍ക്കാര്‍ യാത്ര നഗരം വിട്ടുപോകാനും പകരം ഗുവാഹത്തി ബൈപാസ് ഉപയോഗിക്കാനും നിര്‍ദ്ദേശിച്ചിരുന്നു.അതേ സമയം താൻ ജനങ്ങളെ കാണുന്നത് തടയാൻ ആഭ്യന്തരമന്ത്രാലയം നേരിട്ട് നിർദ്ദേശം നൽകുകയാണെന്ന് രാഹുൽഗാന്ധി ആരോപിച്ചിരുന്നു.