ആര്യന്‍ ഖാന് ജാമ്യം; കൂട്ടുപ്രതികളും പുറത്തിറങ്ങി

ആഡംബരക്കപ്പലിലെ ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് ജാമ്യം. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനായ ആര്യന് പുറമെ കൂട്ടുപ്രതികളായ അബ്ബാസ് മര്‍ച്ചന്റ്, മൂണ്‍ മൂണ്‍ ധമേച്ച എന്നിവര്‍ക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.

നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) അറസ്റ്റ് ചെയ്ത് 25 ദിവസത്തിന് ശേഷമാണ് ആര്യന്‍ ഖാന് ജാമ്യം ലഭിക്കുന്നത്. നേരത്തെ മുംബൈയിലെ പ്രത്യേക കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ഹര്‍ജി കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ബോംബെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

ആര്യന്‍ ഖാന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ 30വരെ പ്രത്യേക കോടതി നീട്ടിയതോടെയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.
ആര്യന്‍ ഖാന്‍ സ്ഥിരമായി ലഹരി മരുന്ന് ഉപയോഗിക്കുന്നുവെന്നും മയക്കുമരുന്ന് ലോബിയുമായി ബന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പ്രത്യേക കോടതി ജാമ്യപേക്ഷ തള്ളിയിരുന്നത്.

ഒക്‌ടോബര്‍ മൂന്നിനാണ് ആര്യനെ എന്‍സിബി കസ്റ്റഡിയിലെടുത്തത്. ഒക്‌ടോബര്‍ എട്ട് മുതല്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യന്‍. രണ്ട് തവണയാണ് ആര്യന്റെ ജാമ്യം കോടതി നിഷേധിച്ചത്. ആര്യനിൽ നിന്നും മയക്കുമരുന്ന് കണ്ടെത്താൻ എൻസിബിക്കായിട്ടില്ല എന്ന് ജാമ്യാപേക്ഷയിൽ അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ആര്യന് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്ത എൻസിബി ആര്യൻ മയക്കുമരുന്ന് ഇടപാടുണ്ടായിരുന്നുവെന്നും വാട്സാപ്പ് ചാറ്റുകൾ ഇതിന് തെളിവാണെന്നുമാണ് വാദിച്ചത്.

ആര്യൻഖാന് വേണ്ടി മുതിർന്ന അഭിഭാഷകനായ മുകുൾ റോത്തഗി മുംബൈ ഹൈക്കോടതിയിൽ ഹാജരായിരുന്നു. ആര്യനിൽ ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചതിന് വൈദ്യ പരിശോധനാ ഫലം പോലുമില്ലെന്നും റോത്തഗി വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു.

Read more

ആര്യൻ്റെ സുഹൃത്തായ അർബാസിൽ നിന്ന് പിടിച്ചെടുത്ത ചരസിന്‍റെ അളവ് പോലും ജയിൽവാസത്തിന് മതിയാവുന്നതല്ലെന്നും കേസിലെ പ്രധാന തെളിവായ വാട്സ് ആപ്പ് ചാറ്റ് 2018കാലത്തേതാണെന്നും റോത്തഗി കോടതിയിൽചൂണ്ടിക്കാട്ടിയിരുന്നു. ആര്യൻഖാന് മുൻകാല കുറ്റകൃത്യങ്ങളുടെ ചരിത്രമില്ല എന്ന കാര്യവും ഹൈക്കോടതിയിൽ ഉന്നയിക്കപ്പെട്ടു.