ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ തള്ളി; മുംബൈ ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റി

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ മുംബൈ മജിസ്‌ട്രേറ്റ് കോടതി തള്ളി. ആര്യന്‍ ഖാനെയും ഒരു കൂട്ടുപ്രതിയെയും  മുംബൈ ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റി. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനായ ആര്യനെ ഒക്ടോബര്‍ രണ്ടിനാണ് എന്‍സിബി (നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ) അറസ്റ്റ് ചെയ്തത്.

എന്‍സിബി കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ആര്യനെ കോടതിയില്‍ ഹാജരാക്കിയത്. ആര്യന്റെ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. ആര്യന്റെ ജാമ്യത്തിനായി അഭിഭാഷകന്‍ നിരത്തിയ വാദങ്ങള്‍ പൂര്‍ണമായും കോടതി തള്ളിക്കളഞ്ഞു.

മാന്യമായ കുടുംബത്തില്‍ നിന്നു വന്ന വ്യക്തിയാണ് ആര്യനെന്നും ജാമ്യത്തില്‍ ഇറങ്ങി മുങ്ങില്ലെന്നും അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റഡി കാലാവധി നീട്ടി നല്‍കണമെന്നുമുള്ള എന്‍സിബിയുടെ ആവശ്യവും നിരാകരിച്ച കോടതി ആര്യനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.