ഗൂഢാലോചന നടത്തിയതിന് വ്യക്തമായ തെളിവുണ്ട്, അറസ്റ്റും റിമാൻഡും നിയമപരം; കെജ്‌രിവാളിൻ്റെ ഹർജി തള്ളി

ഡൽഹി മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. ഇഡി അറസ്റ്റ് ചോദ്യം ചെയ്‌തുള്ള കെജ്‌രിവാളിൻ്റെ ഹർജി തള്ളി. കെജ്‌രിവാളിന്റെ അറസ്റ്റ് കോടതി ശരിവച്ചു. അറസ്റ്റും റിമാൻഡും നിയമപരമാണെന്നും ഗൂഢാലോചന നടത്തിയതിന് വ്യക്തമായ തെളിവുണ്ടെന്നും കോടതി വ്യക്തമാക്കി.

ഏപ്രിൽ മൂന്നാം തീയതിയാണ് കെജ്‌രിവാളിന്‍റെ ഹർജിയിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തന്നെ മാറ്റി നിർത്താനും അപമാനിക്കാനുമാണ് ഇഡി അറസ്റ്റ് നടത്തിയതെന്ന വാദമാണ് കെജ്‌രിവാൾ കോടതിയിൽ ഉന്നയിച്ചത്. അന്വേഷണമില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും ഭാവിയിൽ കുറ്റം കണ്ടെത്താമെന്ന വാദമാണ് റിമാൻഡ് റിപ്പോർട്ടിലുള്ളതെന്നും കെജ്‌രിവാൾ ചൂണ്ടികാട്ടിയിരുന്നു.

കേസിൽ മാർച്ച് 21 നാണ് അരവിന്ദ് കെജ്‍രിവാൾ അറസ്റ്റിലാകുന്നത്. കെജ്‍രിവാളിന്റെ വസതിയിലെത്തി ഇ ഡി നടത്തിയ നീണ്ട രണ്ടുമണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മദ്യനയക്കേസില്‍ തന്റെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് കെജ്‍രിവാൾ നൽകിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഒന്നാം തിയതിയാണ് കെജ്‍രിവാളിനെ 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ദില്ലി റൗസ് അവന്യു കോടതി ഉത്തരവിട്ടത്. തുടർന്ന് കെജ്‌രിവാളിനെ തിഹാർ ജയിലിലേക്ക് മാറ്റി.