"നിയമങ്ങൾ റദ്ദാക്കുകയല്ലാതെ മറ്റെന്തും ചർച്ച ചെയ്യാം"; പത്താംഘട്ട ചർച്ച ചൊവ്വാഴ്ച നടത്തുമെന്ന് കേന്ദ്രം

മിക്ക കർഷകരും കാർഷിക നിയമങ്ങളെ അനുകൂലിക്കുന്നവരാണെന്നും ചൊവ്വാഴ്ച സർക്കാർ അടുത്ത ഘട്ട ചർച്ച നടത്തുമെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. ഡൽഹിയിൽ കർഷകരുടെ പ്രതിഷേധം തുടരുന്നതിനിടെ ഈ ആഴ്ച ആദ്യം കാർഷിക നിയമങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. പ്രതിസന്ധി സർക്കാർ കൈകാര്യം ചെയ്ത രീതിയിൽ അതീവ നിരാശയുണ്ടെന്ന് പറഞ്ഞ കോടതി, ഈ വിഷയം കൈകാര്യം ചെയ്യുന്നതിനായി കാർഷിക വിദഗ്ധരുടെ ഒരു സമിതിയും രൂപീകരിച്ചിരുന്നു, എന്നിരുന്നാലും ഈ സമിതി കർഷകർ അംഗീകരിച്ചിട്ടില്ല.

“മിക്ക കർഷകരും വിദഗ്ധരും കാർഷിക നിയമങ്ങളെ അനുകൂലിക്കുന്നു. സുപ്രീം കോടതിയുടെ ഉത്തരവിന് ശേഷം നിയമങ്ങൾ നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണ്,” നരേന്ദ്ര സിംഗ് തോമർ പറഞ്ഞതായി വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ജനുവരി 19 ന് കാർഷിക നിയമങ്ങളിലെ ഓരോ വകുപ്പിലും കർഷകരുമായി ചർച്ച നടത്താമെന്നും, നിയമങ്ങൾ റദ്ദാക്കുകയല്ലാതെ മറ്റെന്താണ് ആവശ്യമെന്ന് കർഷകർ സർക്കാരിനോട് പറയുമെന്ന് പ്രതീക്ഷിക്കുന്നതായും നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.

കർഷകർക്ക് സർക്കാർ ഒരു നിർദ്ദേശം അയച്ചിട്ടുണ്ടെന്നും അതിൽ മണ്ഡി, വ്യാപാരികളുടെ രജിസ്ട്രേഷൻ, മറ്റ് കാര്യങ്ങൾ എന്നിവ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കാൻ സർക്കാർ സമ്മതിച്ചതായും കേന്ദ്ര മന്ത്രി പറഞ്ഞു.

“വൈക്കോൽ കത്തിക്കുന്നതും വൈദ്യുതിയും സംബന്ധിച്ച നിയമങ്ങൾ ചർച്ചചെയ്യാനും സർക്കാർ സമ്മതിച്ചിരുന്നു” എന്നാൽ കർഷക യൂണിയനുകൾ നിയമങ്ങൾ റദ്ദാക്കണമെന്നാണ് ആഗ്രഹിക്കുന്നത്,” നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. സ്റ്റബിൾ ബേണിംഗ് ഓർഡിനൻസിലെയും വൈദ്യുതി (ഭേദഗതി) ബില്ലിലെയും പിഴ വ്യവസ്ഥകൾ പിൻവലിക്കാൻ സർക്കാർ നേരത്തെ സമ്മതിച്ചിരുന്നു.