ബഹിരാകാശത്തേക്ക് ആദ്യമായി യാത്ര ചെയ്തത് ഹനുമാനാണെന്ന പരാമര്‍ശവുമായി ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ അനുരാഗ് ഠാക്കൂര്‍ രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍ പരിഹാസം ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ചു ഹിമാചല്‍ പ്രദേശിലെ പിഎം ശ്രീ സ്‌കൂളില്‍ നടത്തിയ ചടങ്ങില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തായിരുന്നു അനുരാഗ് ഠാക്കൂറിന്റെ പരാമര്‍ശം. വിദ്യാര്‍ഥികളോട് പുസ്തകങ്ങള്‍ക്കപ്പുറം ചിന്തിക്കാനും ഇന്ത്യയുടെ പാരമ്പര്യത്തെക്കുറിച്ച് അറിയണമെന്നും പറഞ്ഞുകൊണ്ടാണ് ബിജെപി നേതാവ് അനുരാഗ് ഠാക്കൂര്‍ സയന്‍സ് ചോദ്യത്തിലേക്ക് കടന്നത്. ബഹിരാകാശ യാത്രികന്‍ ആരെന്ന ചോദ്യത്തിന് കുട്ടികള്‍ നീലാം സ്‌ട്രോങ് എന്ന് ഉത്തരം പറഞ്ഞപ്പോള്‍ ഹനുമാനാണ് ആദ്യ ഗഗനചാരിയെന്ന് പറഞ്ഞു തിരുത്തുകയായിരുന്നു ബിജെപി നേതാവ്.
‘അത് ഹനുമാനാണെന്ന് ഞാന്‍ കരുതുന്നു’ എന്ന് അനുരാഗ് ഠാക്കൂര്‍ തിരുത്തി പറയുക മാത്രമല്ല ഈ ചോദ്യോത്തര പരിപാടി സ്വന്തം എക്‌സ് ഹാന്‍ഡിലില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ‘പവാന്‍സുത് (പവനപുത്രന്‍) ഹനുമാന്‍ ജി… ആദ്യത്തെ ബഹിരാകാശയാത്രികന്‍’ എന്ന അടിക്കുറിപ്പോടെ ഠാക്കൂര്‍ ആശയവിനിമയത്തിന്റെ ഒരു വീഡിയോ പങ്കിടുകയും ചെയ്തു. നമ്മളിപ്പോഴും വര്‍ത്തമാനക്കാലത്തിലാണെന്നും ആയിരക്കണക്കിനു വര്‍ഷം പഴക്കമുള്ള പാരമ്പര്യം, അറിവ്, സംസ്‌കാരം എന്നിവ തിരിച്ചറിയാത്തിടത്തോളം ബ്രിട്ടിഷുകാര്‍ കാണിച്ചു തന്നതുപോലെ നമ്മള്‍ തുടരുമെന്നുമാണ് ബിജെപി നേതാവ് അനുരാഗ് ഠാക്കൂറിന്റെ ക്ലാസെടുപ്പ്. പ്രിന്‍സിപ്പലിനോടും വിദ്യാര്‍ഥികളോടും പാഠപുസ്തകങ്ങള്‍ക്ക് അപ്പുറം ചിന്തിക്കാനും രാജ്യത്തിന്റെ പാരമ്പര്യത്തെയും അറിവിനെയും കുറിച്ച് മനസ്സിലാക്കണെമെന്ന് കൂടി എംപി പറഞ്ഞുവെയ്ക്കുന്നുണ്ട്.
അഞ്ച് തവണ പാര്‍ലമെന്റിലെത്തിയ ഇപ്പോഴും എംപിയായ അനുരാഗ് ഠാക്കൂറിന്റെ ശാസ്ത്രത്തെ വളച്ചൊടിക്കലും ഹിന്ദുത്വ ചിന്താഗതിയും വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കുന്നതിലേക്ക് എത്തിയതിന്റെ രോഷവും പരിഹാസവും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. ഒപ്പം കുട്ടികള്‍ പറഞ്ഞ നീല്‍ ആംസ്‌ട്രോങ് എന്ന ഉത്തരം തെറ്റാണെന്നും ആദ്യ ബഹിരാകാശ യാത്രികന്‍ യൂറി ഗഗാറിന്‍ ആണെന്നും ചൂണ്ടിക്കാണിക്കുന്ന സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ മുന്‍മന്ത്രിക്ക് അത് പോലും തിരുത്തിപറഞ്ഞു കൊടുക്കാന്‍ കഴിയുന്നില്ലെന്നും പരിഹാസം ഉയരുന്നുണ്ട്. ഓണ്‍ലൈനില്‍ നിരവധി പ്രതികരണങ്ങള്‍ക്ക് ഠാക്കൂറിന്റെ ഈ പരാമര്‍ശം കാരണമായിട്ടുണ്ട്. ഒരു ഉപയോക്താവ് പറയുന്നത് ഇങ്ങനെയാണ്.
കുട്ടികളെ തിരുത്തുന്നതിനുപകരം, പകരം ബാലിശമായ പുഞ്ചിരിയോടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി ഹനുമാന്‍ ആണെന്ന് നിങ്ങള്‍ അവരോട് പറഞ്ഞു. അത് യൂറി ഗഗാറിന്‍ ആയിരുന്നു. കുട്ടികളുടെ നിഷ്‌കളങ്കമായ മനസിനെ വഴിതെറ്റിക്കുന്നത് നിര്‍ത്തൂ. നിങ്ങളും നിങ്ങളുടെ പ്രത്യയശാസ്ത്രവും ഇതിനകം രണ്ട് തലമുറകളെ ദുഷിപ്പിച്ചു.
സോഷ്യല്‍ മീഡിയയിലെ മറ്റൊരു കമന്റ് ഇങ്ങനെയാണ്.
എല്ലാ കുട്ടികളും തെറ്റായ ഉത്തരങ്ങളാണ് നല്‍കുന്നത്. ബഹിരാകാശത്തേക്ക് ആദ്യമായി യാത്ര ചെയ്ത മനുഷ്യന്‍ യൂറി ഗഗാറിന്‍ ആണ്, നീല്‍ ആംസ്‌ട്രോങ്ങ് അല്ല (ചന്ദ്രനിലേക്ക് ആദ്യമായി യാത്ര ചെയ്ത മനുഷ്യനാണ് നീല്‍). പക്ഷേ നിങ്ങള്‍ അവ തിരുത്തിയില്ല. വിശ്വാസവും ശാസ്ത്രവും വ്യത്യസ്ത വിഷയങ്ങളാണ്. കുട്ടികള്‍ സ്‌കൂളില്‍ ശാസ്ത്രം പഠിക്കട്ടെ, വീട്ടില്‍ വിശ്വാസം പഠിക്കട്ടെ.
Hi Anurag,
Instead of correcting the children, you told them Hanuman was the first space traveller with that frivolous smile. It was Yuri Gagarin. Stop playing with the innocent minds of children. You & your ideology has already corrupted a couple of generations. https://t.co/PGoT5xYQXa— Pracool (@thehighmonk) August 24, 2025
Read more
തമിഴ്‌നാട്ടില്‍ നിന്നുള്ള ഡിഎംകെ എംപി കനിമൊഴിയും രൂക്ഷമായ ഭാഷയില്‍ അനുരാഗ് ഠാക്കൂറിനെ വിമര്‍ശിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ ഒരു പോസ്റ്റില്‍, കനിമൊഴി ഈ പ്രസ്താവനയെ രൂക്ഷമായി എതിര്‍ത്തുകൊണ്ടു പറഞ്ഞത് അസ്വസ്ഥത ഉളവാക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നാണ്. ‘പാര്‍ലമെന്റ് അംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒരു സ്‌കൂള്‍ കുട്ടികളോട് ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയത് നീല്‍ ആംസ്‌ട്രോങ്ങല്ല, ഹനുമാനാണെന്ന് വാദിക്കുന്നത് വളരെയധികം അസ്വസ്ഥത ഉളവാക്കുന്നുവെന്നും വല്ലാത്ത പരിതാപകരമായ അവസ്ഥയാണെന്നും അവര്‍ കുറിച്ചു. ഇത്തരം അവകാശവാദങ്ങള്‍ പുരാണത്തിനും ശാസ്ത്രത്തിനും ഇടയിലുള്ള അതിര്‍വരമ്പുകള്‍ മായ്ക്കുകയും യുവാക്കളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുമെന്ന് ഡിഎംകെ എംപി കൂട്ടിച്ചേര്‍ത്തു.







