സി‌.എ.‌എ വിരുദ്ധ പ്രതിഷേധം വീണ്ടും ആരംഭിക്കുന്നു

പൗരത്വ നിയമ ഭേദഗതിക്കും പൗരന്മാരുടെ ദേശീയ രജിസ്റ്ററിനുമെതിരെ പ്രതിഷേധിച്ച് പൗരന്മാർ വീണ്ടും തെരുവിലേക്ക് ഇറങ്ങാൻ ഒരുങ്ങുന്നു. രണ്ടുമാസത്തിലേറെയായി പകർച്ചവ്യാധി മൂലം പ്രകടനങ്ങൾ താത്കാലികമായി നിർത്തിവെയ്ക്കാൻ നിർബന്ധിതരായതിനെ തുടർന്നാണിത്.

സി‌എ‌എ-എൻ‌ആർ‌സിക്കെതിരെ പ്രതിഷേധിച്ചും, ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ആളുകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും ബുധനാഴ്ച ബാംഗ്ലൂരിൽ മൗര്യ സർക്കിളിൽ ഗാന്ധി പ്രതിമയ്ക്കടുത്ത് നൂറോളം പേർ ഒത്തുകൂടും എന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ജാമിയ വിദ്യാർത്ഥികളായ സഫൂറ സർഗാർ, മീരൻ ഹൈദർ, ആസിഫ് ഇക്ബാൽ തൻഹ ജെഎൻയു വിദ്യാർത്ഥികളായ നതാഷ നർവാൾ, ദേവംഗാന കലിത എന്നിവരോടൊപ്പം പ്രവർത്തകരായ ഇസ്രത്ത് ജഹാൻ, ഖാലിദ് സൈഫി, ഗൾഫിഷ ഫാത്തിമ, ഷാർജീൽ ഇമാം, ഷിഫാ ഉർ- റഹമാൻ എന്നിവരെ മോചിപ്പിക്കണമെന്നാണ് ആവശ്യം.

കഴിഞ്ഞ വർഷം ഡിസംബറിൽ പ്രതിഷേധം ആരംഭിച്ചതു മുതൽ അറസ്റ്റിലായ ചിലർക്കെതിരെ ഭേദഗതി ചെയ്ത നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. സി‌എ‌എ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് എ‌എം‌യു വിദ്യാർത്ഥികളായ ഫർഹാൻ സുബെരി, രവിഷ് അലി ഖാൻ എന്നിവരെ യുപി പൊലീസ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു.