കര്‍ണാടക ഉപമുഖ്യമന്ത്രി തമിഴ്‌നാട്ടിലെത്തിയാല്‍ തടയുമെന്ന് ബിജെപി; മേക്കാദാട്ടു വിഷയം ഉയര്‍ത്തി വെല്ലുവിളിച്ച് അണ്ണാമലൈ; സ്റ്റാലിന്‍ വിളിച്ച യോഗത്തില്‍ കേരള മുഖ്യമന്ത്രി പങ്കെടുക്കും

കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ തമിഴ്‌നാട്ടിലെത്തിയാല്‍ തടയുമെന്ന് ബിജെപി. മേക്കാദാട്ടു അണക്കെട്ട് പദ്ധതിയില്‍ തമിഴ്നാടിനെതിരേ ശക്തമായി നിലയുറപ്പിച്ച ശിവകുമാറിനെ കരിങ്കൊടി കാണിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പറഞ്ഞു.

പാര്‍ലമെന്റ് മണ്ഡല പുനര്‍നിര്‍ണയം നടത്താനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ 22-ന് നടക്കുന്ന പ്രതിഷേധ സമ്മേളനത്തില്‍ ശിവകുമാര്‍ പങ്കെടുക്കുമെന്ന റിപ്പോര്‍ട്ട് വന്നതോടെയാണ് ബിജെപി പ്രതിഷേധം പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
മേക്കാദാട്ടു അണക്കെട്ട് പദ്ധതിയില്‍ തമിഴ്നാടിനെതിരേ ശക്തമായി നിലയുറപ്പിച്ച ശിവകുമാറിനെ യോഗത്തിലേക്കു ക്ഷണിച്ചതുപോലും തെറ്റായെന്ന് അണ്ണാമലൈ പറഞ്ഞു. സ്റ്റാലിന്‍ സംസ്ഥാനത്തിന്റെ അവകാശങ്ങളെക്കാള്‍ രാഷ്ട്രീയവീക്ഷണങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നുവെന്നും കുറ്റപ്പെടുത്തി.

അതേസമയം, ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നയിക്കുന്ന പ്രതിഷേധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. കേന്ദ്ര സര്‍ക്കാരിനെതിരെ ചെന്നൈയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ സിപിഎം കേന്ദ്ര നേതൃത്വം പിണറായി വിജയന് അനുമതി നല്‍കിയിട്ടുണ്ട്.

മാര്‍ച്ച് 22ന് ചെന്നൈയിലാണ് ഡിഎംകെ സംഘടിപ്പിക്കുന്ന യോഗം. കേന്ദ്ര സര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ നീക്കത്തില്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന എം കെ സ്റ്റാലിന്റെ ആവശ്യം ന്യായമെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ അഭിപ്രായം. അന്തിമ തീരുമാനം അഭിപ്രായ സമന്വയത്തിലൂടെ മാത്രമാകണമെന്നാണ് പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞത്.

ഡല്‍ഹി തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ വിള്ളല്‍ വീണ ഇന്ത്യ സഖ്യത്തിനെ സ്റ്റാലിന്റെ നീക്കങ്ങള്‍ പ്രാദേശിക തലത്തില്‍ ഒതുങ്ങി പോകുമെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

Read more

ബിഹാര്‍ തിരഞ്ഞെടുപ്പ് വരാനിരിക്കെ, കോണ്‍ഗ്രസ് വടക്കേ ഇന്ത്യക്കെതിരെന്ന പ്രചാരണം ബിജെപി ഉയര്‍ത്താനുള്ള സാഹചര്യം കൂടി കണക്കിലെടുത്താകും എഐസിസി തീരുമാനമെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.