വിശാഖപട്ടണം ആന്ധ്രയുടെ പുതിയ തലസ്ഥാനം; ഹൈക്കോടതി ആസ്ഥാനം കുര്‍ണൂലില്‍; നിയമസഭ അമരാവതിയില്‍ തന്നെ; സംസ്ഥാന ഘടന പൊളിച്ചെഴുതി മുഖ്യമന്ത്രി

ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനം വിശാഖപട്ടണമായിരിക്കുമെന്ന് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി. ഡല്‍ഹിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിപ്ലോമാറ്റിക് അലയന്‍സ് മീറ്റിലാണ് മുഖ്യമന്ത്രി തലസ്ഥാന നഗരിമാറ്റുന്ന കാര്യം പ്രഖ്യാപിച്ചത്. നിയമസഭയുടെ പ്രവര്‍ത്തനം നിലവിലെ തലസ്ഥാനനഗരമായ അമരാവതിയില്‍ തുടരും. എന്നാല്‍, ഗവര്‍ണറുടെ ആസ്ഥാനവും വിശാഖപട്ടണത്തേക്ക് മാറ്റുമെന്ന് അദേഹം വ്യക്തമാക്കി.

ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനമാകുന്ന വിശാഖപട്ടണത്തേക്ക് എല്ലാവരെയും ക്ഷണിക്കുകയാണെന്നും താനും വിശാഖപട്ടണത്തേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയുടെ ആസ്ഥാനം മറ്റൊരു പ്രധാന നഗരമായ കുര്‍ണൂലിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

2015ല്‍ ആരംഭിച്ച തലസ്ഥാനമാറ്റ തുടര്‍ പ്രകിയയുടെ ഭാഗമാണ് പുതിയ തീരുമാനങ്ങള്‍. അമരാവതിയെ തലസ്ഥാനനഗരമായി 2015ലാണ് പ്രഖ്യാപിച്ചത് പിന്നീട് 2020-ല്‍ സംസ്ഥാനത്ത് മൂന്ന് തലസ്ഥാന നഗരങ്ങള്‍ വേണമെന്നും ഇതിനായി പ്രതേക പദ്ധതിയും രൂപികരിച്ചിരുന്നു. അമരാവതിക്ക് പുറമേ വിശാഖപട്ടണം, കുര്‍ണൂല്‍ എന്നിവ തലസ്ഥാന നഗരങ്ങളാക്കാന്‍ തീരുമാനിച്ചെങ്കിലും ജനങ്ങളുടെ എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ പദ്ധതി ഉപേക്ഷിച്ചിരുന്നു.