പാകിസ്ഥാൻ സിന്ദാബാദ് വിളിച്ച യുവതിക്ക് നക്സൽ ബന്ധം: ബി എസ് യെദ്യൂരപ്പ

വ്യാഴാഴ്ച ബെംഗളൂരുവിൽ നടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ പാകിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയതിനെത്തുടർന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കർണാടക സ്വദേശിയായ യുവതിക്ക് നക്‌സൽ ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞു.

ഇത്തരം പരാമർശങ്ങൾ നടത്തിയതിന് യുവതിയെ ശിക്ഷിക്കണമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞു. “അവളുടെ സ്വന്തം പിതാവ് പറഞ്ഞു – “അവളുടെ കൈകാലുകൾ ഒടിക്കുക, അവൾക്ക് ജാമ്യം ലഭിക്കരുത്. ഞാൻ അവളെ സംരക്ഷിക്കില്ല”,” എന്ന്, ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“രണ്ടാമതായി, വളരെ പ്രധാനമായി, ഈ ആളുകളുടെ പിന്നിലുള്ള സംഘങ്ങൾ, അമുല്യയെപ്പോലെ വളർന്നുവരുന്ന ആളുകൾ …. അവർക്കെതിരെ നടപടിയെടുക്കേണ്ടതുണ്ട്, അവരെക്കുറിച്ച് ശരിയായ അന്വേഷണം നടത്തണം. ആരാണ് അവളെ പിന്തുണയ്ക്കുന്നതെന്ന് പിന്നീട് മനസ്സിലാകും. യുവതിക്ക് നക്സലുകളുമായി ബന്ധമുണ്ടെന്നതിന് തെളിവുണ്ട്. അവർ ശിക്ഷിക്കപ്പെടണമെന്നും ആ സംഘടനകൾക്കെതിരെ നടപടിയെടുക്കണമെന്നും യെദ്യൂരപ്പ പറഞ്ഞു.