ലഘുലേഖയ്ക്ക് ഒപ്പം ബി.ജെ.പി കോവിഡ് പരത്തുന്നു; അഖിലേഷ് യാദവ്

ലഘുലേഖ വിതരണം ചെയ്ത് ബിജെപി ജനങ്ങള്‍ക്കിടയില്‍ കോവിഡ് പരത്താന്‍ കൂടി ശ്രമിക്കുകയാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നും മുസഫര്‍നഗറില്‍ ആര്‍.എല്‍.ഡി. നേതാവ് ജയന്ത് ചൗധരിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അഖിലേഷ് യാദവ് പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ യു.പിയിലെ ഗൗദം ബുദ്ധ നഗറില്‍ ഉമിനീര്‍ തൊട്ടുകൊണ്ട് ലഘുലേഖ വിതരണം ചെയ്യുന്ന ചിത്രവും വീഡിയോയും കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആളുകള്‍ക്കിടയില്‍ നിന്ന് കൊണ്ട് മാസ്‌ക് പോലുമില്ലാതെ സാമൂഹിക അകലം പാലിക്കാതെയായിരുന്നു അമിത് ഷായുടെ ഉമിനീര്‍ തൊട്ടുകൊണ്ടുള്ള ലഘുലേഖാ വിതരണം. ഇത് വലിയ വിവാദത്തിനും ഇടയാക്കിയിരുന്നു. ഈ ചിത്രവും ദൃശ്യവും ചൂണ്ടിക്കാട്ടിയാണ് ബിജെപി കോവിഡ് പരത്തുകയാണെന്ന ആരോപണം അഖിലേഷ് യാദവ് ഉന്നയിച്ചത്.

ബി.ജെ.പി നടത്തുന്ന ചീത്ത രാഷ്ട്രീയത്തിന് അറുതി വരുത്തുക എന്നതാണ്‌ എസ്.പി-ആര്‍.എല്‍.ഡി സഖ്യം കൊണ്ട് ലക്ഷ്യമിടുന്നത്. ഞങ്ങളെ അധികാരത്തിലേറ്റിയാല്‍ പതിനഞ്ച് ദിവസം കൊണ്ട് കരിമ്പ് കര്‍ഷകര്‍ക്കുള്ള പണം എത്തിക്കുമെന്നും അഖിലേഷ് അവകാശപ്പെട്ടു. കര്‍ഷകരുടേയും സാധാരണക്കാരുടേയും ഉന്നമനം ലക്ഷ്യമിട്ടാണ് ആര്‍.എല്‍.ഡി സഖ്യത്തില്‍ ചേര്‍ന്നതെന്ന് ജയന്ത് ചൗധരിയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഭരണകക്ഷിക്ക് അവരുടെ പോസ്റ്റല്‍ വോട്ടുകള്‍ ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുകയാണ്. ഇതില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണം. ഒറ്റവോട്ടും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സമ്മര്‍ദത്തിന്റെ ഭാഗമായി വിനോയിഗിക്കരുതെന്നും ജയന്ത് ചൗധരി ആവശ്യപ്പെട്ടു.