മൗനിബാബയല്ല മോദി, എടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ കെൽപ്പുള്ളവനെന്ന് അമിത് ഷാ

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പത്തു വര്‍ഷം വൻ അഴിമതികൾ നടന്നപ്പോൾ മൗനി ബാബയെ പോലെ ഇരുന്നയാളാണ് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്ന പരിഹാസവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മന്‍മോഹന്‍ സിംഗല്ല മോദിയെന്നും, 56 നെഞ്ചളവുള്ള തുടര്‍ച്ചയായ തീരുമാനങ്ങള്‍ എടുത്തു കൊണ്ടിരിക്കുന്ന വ്യക്തിയാണ് മോദിയെന്നും എടുത്ത തീരുമാനങ്ങള്‍ അദ്ദേഹം നടപ്പിലാക്കിയിരിക്കുമെന്നും അമിത് ഷാ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്ത് ആളിക്കത്തിക്കുന്നതിന് പിന്നില്‍ കോണ്‍ഗ്രസാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് അവര്‍ പ്രതിഷേധത്തിന് ശക്തി കൂട്ടുന്നതെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി പ്രകാരം ഏതെങ്കിലും ഒരു പ്രത്യേക മതത്തിലെ ആളുകളുടെ പൗരത്വം നഷ്ടപ്പെടുമോ എന്ന് തെളിയിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിക്കുന്നതായി അമിത് ഷാ പറഞ്ഞു.

മുസ്ലിങ്ങള്‍ക്ക് പൗരത്വം നഷ്ടപ്പെടുമെന്ന് കോണ്‍ഗ്രസും ഇതര പ്രതിപക്ഷ പാർട്ടികളും പ്രചരിപ്പിക്കുകയാണ്. ആരുടെയെങ്കിലും പൗരത്വം പിന്‍വലിക്കുന്നത് സംബന്ധിച്ച് ഒരു വരി പോലും ആ നിയമത്തില്‍ ഇല്ല. അങ്ങനെ ഉണ്ടെന്ന് തെളിയിക്കാന്‍ രാഹുലിനെ വെല്ലുവിളിക്കുകയാണ്. പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ ആളുകളെ പരസ്പരം ഭിന്നിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ സമുദായങ്ങളിലെ സഹോദരങ്ങള്‍ക്ക് പൗരത്വം നല്‍കാന്‍ ഈ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

1950- ലെ വിഭജന സമയത്ത് ഇന്ത്യയും പാകിസ്ഥാനിലുമുള്ള ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിക്കുമെന്ന് നെഹ്റു- ലിയാഖത്ത് കരാറില്‍ നേതാക്കള്‍ ഉറപ്പു നല്‍കിയിരുന്നു.

എന്നാല്‍ പാകിസ്ഥാനും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും ന്യൂനപക്ഷ സമുദായങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഉപദ്രവിച്ചു. ഇന്ത്യയാകട്ടെ കരാര്‍ പിന്തുടര്‍ന്നു. 23 ശതമാനമായിരുന്ന പാകിസ്ഥാനിലെ ന്യൂനപക്ഷ ജനസംഖ്യ മൂന്നു ശതമാനമായി കുറഞ്ഞെന്നായിരുന്നു അമിത് ഷായുടെ മറ്റൊരു വാദം. മതത്തിന്റെ അടിസ്ഥാനത്തില്‍ പാകിസ്ഥാന്‍ ജനങ്ങളെ പീഡിപ്പിച്ചുവെന്നും അമിത് ഷാ പറഞ്ഞു.

രാമജന്മഭൂമി കേസ് വൈകിപ്പിച്ചത് കോണ്‍ഗ്രസ് ആണെന്നും എന്നാല്‍ രാമന്‍ ജനിച്ച സ്ഥലത്ത് ആകാശത്തെ ചുംബിക്കുന്ന ഒരു ക്ഷേത്രം പണിയാന്‍ സുപ്രീം കോടതി അവസരമൊരുക്കിയെന്നും അമിത് ഷാ പറഞ്ഞു. ന്യൂനപക്ഷ സമുദായത്തില്‍ പെട്ട ഓരോ വ്യക്തിക്കും സുരക്ഷിതത്വം അനുഭവപ്പെടണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും അമിത് ഷാ പറഞ്ഞു.