"അമിത്ഷായുടെ ശ്രമം ഹിന്ദി ഭാഷയെ അടിച്ചേല്‍പ്പിക്കാന്‍"; ഹിന്ദി രാജ്യത്തെ മുഴുവന്‍ ഒന്നിപ്പിക്കുന്നുവെന്നത് അസംബന്ധം; ഉദയനിധി സ്റ്റാലിന്‍

ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നടത്തിയ പ്രസംഗത്തിനെതിരെ തമിഴ്‌നാട് യുവജനക്ഷേമ-കായിക വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിന്‍. അമിത്ഷാ ഹിന്ദി ഭാഷയെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഉദയനിധി പറഞ്ഞു. അഞ്ചില്‍ താഴെ സംസ്ഥാനങ്ങളില്‍ സംസാരിക്കുന്ന ഭാഷ രാജ്യത്തെ ഏകീകരിപ്പിക്കുന്നുവെന്ന് പറയുന്നത് അസംബന്ധമാണെന്നും ഉദയനിധി സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.

ഹിന്ദി രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്നുവെന്നും പ്രാദേശിക ഭാഷകളെ ശാക്തീകരിക്കുന്നുവെന്നും അമിത്ഷാ പറഞ്ഞിരുന്നു. ഹിന്ദി പഠിച്ചാല്‍ മുന്നേറാം എന്ന ആക്രോശത്തിന്റെ ബദല്‍ രൂപമാണിതെന്നാണ് അമിത്ഷായുടെ പരാമര്‍ശത്തെ വിമര്‍ശിച്ചുകൊണ്ട് ഉദയനിധി സ്റ്റാലിന്‍ സാമൂഹ്യ മാധ്യമമായ എക്‌സില്‍ കുറിച്ചത്.

തമിഴ്നാട്ടില്‍ തമിഴ്, കേരളത്തില്‍ മലയാളം. ഈ രണ്ട് സംസ്ഥാനങ്ങളെ ഹിന്ദി എവിടെയാണ് ഒന്നിപ്പിക്കുന്നത്. ശാക്തീകരണം എവിടെയാണ് വരുന്നത്. ഹിന്ദി ഒഴികെയുള്ള ഭാഷകളെ പ്രാദേശിക ഭാഷകളായി തരംതാഴ്ത്തുന്നത് അമിത്ഷാ അവസാനിപ്പിക്കണമെന്നും നാലോ അഞ്ചോ സംസ്ഥാനങ്ങളില്‍ സംസാരിക്കുന്ന ഹിന്ദി രാജ്യത്തെ മുഴുവന്‍ ഒന്നിപ്പിക്കുന്നുവെന്ന് പറയുന്നത് അസംബന്ധമാണെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.