ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് അമിത് ഷാ

ജമ്മു കശ്മീരിൽ അതിര്‍ത്തി നിര്‍ണ്ണയവും തിരഞ്ഞെടുപ്പും സംസ്ഥാന പദവി പുനഃസ്ഥാപിക്കലും ഉണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രണ്ട് വർഷം മുമ്പ് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായി ജമ്മു കശ്മീർ സന്ദർശിച്ച ശേഷമാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

“ഞങ്ങൾ എന്തിനാണ് അതിര്‍ത്തി നിര്‍ണ്ണയം നിർത്തേണ്ടത്? ഒന്നും തടയാൻ പോകുന്നില്ല. അതിര്‍ത്തി നിര്‍ണ്ണയത്തിന് ശേഷം തിരഞ്ഞെടുപ്പും പിന്നീട് സംസ്ഥാന പദവി പുനഃസ്ഥാപിക്കലും ഉണ്ടാകും,” ശ്രീനഗറിലെ യൂത്ത് ക്ലബുകളിലെ അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞു.

ഈ വർഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി ഷായും കശ്മീരിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം മോദിയും ഷായും അതിർത്തി നിർണയം എത്രയും വേഗം പൂർത്തിയാക്കണമെന്നും അങ്ങനെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളാൻ കഴിയുമെന്നും ഊന്നിപ്പറഞ്ഞു.

ജമ്മു കശ്മീരിൽ തീവ്രവാദികൾ സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയും കേന്ദ്രം വലിയ സുരക്ഷാ വെല്ലുവിളി നേരിടുകയും ചെയ്യുന്ന സമയത്താണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദർശനം. തീവ്രവാദികൾ നിരവധി സാധാരണക്കാരെ കൊലപ്പെടുത്തിയതിനെ തുടർന്ന് ജമ്മു കശ്മീരിൽ കുടിയേറ്റ തൊഴിലാളികളുടെയും കശ്മീരി പണ്ഡിറ്റുകളുടെയും പലായനത്തിന് കാരണമായി.

ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി പിൻവലിക്കാനാവില്ല എന്ന് യൂത്ത് ക്ലബുകളിലെ അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള 2019 ഓഗസ്റ്റ് 5 ലെ നീക്കത്തെ തുടർന്നുള്ള ആശയവിനിമയ ഉപരോധവും കർഫ്യൂവിനെയും ന്യായീകരിച്ചുകൊണ്ട്, ജീവൻ രക്ഷിക്കാനുള്ള “കയ്പ്പുള്ള ഗുളിക” യാണ് അവയെന്ന് അമിത് ഷാ പറഞ്ഞു.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ മാസങ്ങളോളം കർഫ്യൂ ഉണ്ടായിരുന്നു ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഇന്റർനെറ്റ് ഷട്ട്ഡൗണിനും കശ്മീർ സാക്ഷ്യം വഹിച്ചു.