റോഡിലെ ഗട്ടറുകൾക്ക് ആദ്യമായി നന്ദി; ആംബുലൻസ് കുഴിയിൽ വീണ് മൃതദേഹത്തിന് പുനർജ്ജന്മം, സംഭവമിങ്ങനെ

റോഡിലെ കുഴി കാരണം പുനർജ്ജന്മം നേടി വയോധികൻ. ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ വയോധികനാണ് പുനർജ്ജന്മം കിട്ടിയത്. മരിച്ചെന്ന് കരുതി ‘മൃതദേഹ’വുമായി ആംബുലൻസ് പോകവെയാണ് റോഡിലെ കുഴിയിൽ വീഴുന്നത്. 80 വയസുകാരനായ ദർശൻ സിംഗ് ബ്രാറിനാണ് റോഡിലെ കുഴി തുണയായത്.

ഹരിയാനയിലാണ് സംഭവം. മരിച്ചെന്ന് കരുതി ‘മൃതദേഹം’ പട്യാലയിൽ നിന്ന് കർണലിനടുത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആംബുലൻസ് ഹരിയാനയിലെ കൈതാളിലെ ധാന്ദ് ഗ്രാമത്തിന് സമീപം എത്തിയപ്പോൾ റോഡിലെ ഗട്ടറിൽ വീണു. ഈ സമയം ദർശൻ സിങ് ബ്രാറിന്റെ കൈ അനങ്ങിയതായി ആംബുലൻസിലുണ്ടായിരുന്ന ചെറുമകന്‍റെ ശ്രദ്ധയിൽപ്പെട്ടു.

ഇതോടെ പെട്ടെന്ന് ഹൃദയമിടിപ്പ് പരിശോധിച്ചു. നോക്കിയപ്പോൾ ഹൃദയമിടിപ്പും അനുഭവപ്പെട്ടു. അപ്പോൾത്തന്നെ ആംബുലൻസ് ഡ്രൈവറോട് അടുത്തുള്ള ആശുപത്രിയിലേക്ക് പോകാൻ ബ്രാറിന്റെ കുടുംബം ആവശ്യപ്പെട്ടു. ആശുപത്രിയിൽ എത്തി പരിശോധിച്ചപ്പോൾ ദർശൻ സിം​ഗ് മരിച്ചിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. അദ്ദേഹം ഇപ്പോൾ കർണാലിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ബ്രാറിന് ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്നും ഐസിയുവിൽ ചികിത്സയിലാണെന്നും നെഞ്ചിൽ അണുബാധയുള്ളതിനാൽ ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. ആരോ​ഗ്യ നില ഗുരുതരമാണെങ്കിലും വേഗത്തിൽ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

കുറച്ച് ദിവസമായി ബ്രാറിന് വാർധക്യസഹജമായ അസ്വാസ്ഥ്യമുണ്ടായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് കുടുംബം പട്യാലയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നാല് ദിവസം വെന്റിലേറ്ററിലായിരുന്നു. വ്യാഴാഴ്ച ഹൃദയമിടിപ്പ് നിലച്ചതായി ഡോക്ടർമാർ അറിയിച്ചു. തുടർന്ന് വെന്റിലേറ്ററിൽ നിന്ന് പുറത്തെടുത്തു. അന്ത്യകർമങ്ങൾക്കായി ആംബുലൻസിൽ നിസിംഗിലേക്ക് കൊണ്ടുപോകുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരുമെല്ലാം എത്തുകയും സംസ്കാരത്തിനായി വിറകു വരെ ഒരുക്കിയിരുന്നു.