അമരീന്ദര്‍ ഡല്‍ഹിക്ക്, സിദ്ദുവിന്റെ അപ്രതീക്ഷിത രാജി; പഞ്ചാബില്‍ രാഷ്ട്രീയ നാടകം തുടരുന്നു

പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും അപ്രതീക്ഷിത ട്വിസ്റ്റ്. നവ്‌ജോത് സിംഗ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചു. സോണിയാ ഗന്ധിക്ക് അയച്ച കത്തിലാണ് താന്‍ പിസിസി അദ്ധ്യക്ഷ സ്ഥാനം രാജിവെയ്ക്കുന്നതായി സിദ്ദു പറഞ്ഞത്. എന്നാല്‍ കോണ്‍ഗ്രസില്‍ തുടരുമെന്നും സിദ്ദു പറഞ്ഞു.

അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റാനുള്ള നീക്കം നടത്തിയത് സിദ്ദുവായിരുന്നു. എന്നാല്‍ അമരീന്ദറിനെ മാറ്റിയതിന് പിന്നാലെ ഹൈക്കമാന്‍ഡ് ഹരിചരണ്‍ സിംഗ് ചന്നയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. പഞ്ചാബ് പിസിസി അദ്ധ്യക്ഷനായിരുന്ന സിദ്ദുവിനെ മുഖ്യമന്ത്രിയാക്കും എന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കിയതിന് പിന്നാലെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് അമരീന്ദര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ന് അമരീന്ദര്‍ സിംഗ് ഡല്‍ഹിക്ക് പോകുന്നുമുണ്ട്. ബിജെപി നേതാക്കളെ കാണുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അമരീന്ദറിന്റെ ഡല്‍ഹി യാത്ര. എന്നാല്‍ സുഹൃത്തുക്കളെ കാണുമെന്നു മാത്രമാണ് അമരീന്ദര്‍ വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നത്.

പഞ്ചാബ് കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ജൂലായ് 18നാണ് പിസിസി അധ്യക്ഷനായി സിദ്ദു നിയമിതനായത്. രണ്ട് മാസം മാത്രമാകുമ്പോഴാണ് അപ്രതീക്ഷിത രാജിപ്രഖ്യാപനം. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തില്‍ പഞ്ചാബിന്റെ ഭാവിയില്‍ ഒത്തുതീര്‍പ്പിനില്ല എന്ന് സിദ്ദു വ്യക്തമാക്കുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചെങ്കിലും കോണ്‍ഗ്രസില്‍ തുടരുമെന്നും അദ്ദേഹം കത്തില്‍ പറയുന്നുണ്ട്.

പഞ്ചാബിന്റെ കാര്യത്തിന്റെ വിട്ടുവീഴ്ചയില്ലെന്നും വ്യക്തിത്വം കളഞ്ഞ് ഒരു ഒത്തുതീര്‍പ്പിനുമില്ലെന്നും സിദ്ദു രാജിക്കത്തില്‍ പറയുന്നുണ്ട്. സിദ്ദു ചുമതലയേറ്റ് രണ്ട് മാസം തികയുന്നതിനിടെ അമരീന്ദര്‍ സിങ്ങിന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്തുപോകേണ്ടി വന്നു. സിദ്ദുവിനെതിരേ രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടുകൊണ്ടാണ് അമരീന്ദര്‍ പദവി ഒഴിഞ്ഞത്. പുതിയ മന്ത്രിമാരെ തീരുമാനിക്കുന്നതിലടക്കം സിദ്ദുവിന് അതൃപ്തിയുണ്ടെന്നാണ് സൂചന.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന്റെ അവസ്ഥ പരിതാപകരമാകുന്ന കാഴ്ചയാണ് പഞ്ചാബില്‍ കാണുന്നത്. ഭരണമുണ്ടായിട്ടും പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനാകാത്ത അവസ്ഥയാണിപ്പോള്‍. ദേശീയ നേതൃത്വം ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും സിദ്ദുവും, അമരീന്ദറും ഇടു തട്ടില്‍ തന്നെ നില്‍ക്കുന്നതാണ് പ്രശ്‌നം.