ഇ.ഡി കേസിലും ജാമ്യം; സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനാകുന്നു

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസിലും മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം. വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ സിദ്ദിഖ് കാപ്പന്‍ ഉടന്‍ ജയില്‍ മോചിതനാകും. ഇഡി കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നോ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. .

കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പതിന് യു.എ.പി.എ കേസില്‍ സിദ്ദിഖ് കാപ്പന് സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം നേടി ആറാഴ്ച ഡല്‍ഹിയില്‍ കഴിയണമെന്നും അതിനുശേഷം കേരളത്തിലേക്ക് പോകാമെന്നുമാണ് കോടതി ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇ.ഡിയെടുത്ത കേസില്‍ കാപ്പന് ജാമ്യം ലഭിച്ചിരുന്നില്ല. ഇതില്‍കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമെ കാപ്പന് പുറത്തിറങ്ങാന്‍ സാധിക്കുമായിരുന്നുള്ളൂ. തുടര്‍ന്നാണ് സിദ്ദിഖ് കാപ്പന്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.

ഹാത്രസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി മരിച്ച സ്ഥലത്തേക്ക് പോകും വഴിയാണ് 2020 ഒക്ടോബര്‍ അഞ്ചിന് സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെയെുള്ളവര്‍ അറസ്റ്റിലായത്. ഹാത്രസില്‍ കലാപമുണ്ടാക്കാന്‍ പോപുലര്‍ ഫ്രണ്ട് ശ്രമിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരുന്നു. ഇതിനായി സിദ്ദിഖ് കാപ്പനടക്കം നാലുപേര്‍ നിയോഗിക്കപ്പെട്ടു. ഇവര്‍ക്ക് 1 കോടി 36 ലക്ഷം രൂപയുടെ ധനസഹായം ലഭിച്ചെന്നും ഇ.ഡി കോടതിയില്‍ അറിയിച്ചിരുന്നു.