ബിഹാറില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു; നിര്‍മ്മാണ കമ്പനിയുടെ അനാസ്ഥയെന്ന് സിക്തി എംഎല്‍എ

ബ |ഹാറിലെ അരാരിയ ജില്ലയില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു. അരാരിയ ജില്ലയിലെ കുര്‍സകാന്തയ്ക്കും സിക്തിക്കും ഇടയില്‍ നിര്‍മ്മാണത്തിലിരുന്ന പാലമാണ് തകര്‍ന്നത്. പാലം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വീഡിയോ ഇതോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.

ബക്ര നദിയ്ക്ക് കുറുകെ കോടികള്‍ മുടക്കി നിര്‍മ്മിച്ച പാലമാണ് ഉദ്ഘാടനത്തിന് മുന്‍പ് തന്നെ തകര്‍ന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാലം ഒരു വശത്തേക്ക് ചരിഞ്ഞു നില്‍ക്കുന്നതിന്റെയും തുടര്‍ന്ന് തകര്‍ന്ന് വീഴുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

തകര്‍ന്ന് വീണ പാലത്തിന്റെ ഭാഗങ്ങള്‍ വെള്ളത്തില്‍ ഒലിച്ചുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 12 കോടി രൂപയാണ് പാലത്തിന്റെ നിര്‍മ്മാണ ചെലവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിര്‍മ്മാണത്തിന്റെ കരാറെടുത്ത കമ്പനിയുടെ അനാസ്ഥയാണ് പാലം തകര്‍ന്നതിന് കാരണമെന്ന് സിക്തി എംഎല്‍എ വിജയ് കുമാര്‍ ആരോപിക്കുന്നു.