ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച എല്ലാ വിവരങ്ങളും സുപ്രീംകോടതിയില്‍; എസ്ബിഐ വിവരങ്ങള്‍ കൈമാറിയത് രണ്ട് പെന്‍ഡ്രൈവുകളിലായി

ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച എല്ലാ വിവരങ്ങളും സുപ്രീംകോടതിയ്ക്ക് കൈമാറി എസ്ബിഐ. രണ്ട് പെന്‍ഡ്രൈവുകളിലായാണ് എസ്ബിഐ വിവരങ്ങള്‍ കൈമാറിയത്. ബോണ്ട് നല്‍കിയവരുടെ വിവരങ്ങളും അവ പണമാക്കി മാറ്റിയ പാര്‍ട്ടികളുടെ വിവരങ്ങളുമാണ് പെന്‍ഡ്രൈവിലുള്ളത്. ലഭിച്ച വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ പരസ്യപ്പെടുത്തും.

21ന് വൈകുന്നേരം 5ന് മുന്‍പ് പൂര്‍ണ വിവരങ്ങള്‍ കൈമാറണമെന്നായിരുന്നു സുപ്രീംകോടതി എസ്ബിഐയ്ക്ക് നല്‍കിയ നിര്‍ദ്ദേശം. ഇതേ തുടര്‍ന്നാണ് ഇന്ന് രണ്ട് പെന്‍ഡ്രൈവുകളിലായി വിവരങ്ങള്‍ കൈമാറിയത്. അക്കൗണ്ട് നമ്പറും കെവൈസിയും ഒഴികെയുള്ള എല്ലാ വിവരങ്ങളും പെന്‍ഡ്രൈവിലുണ്ട്.

ഒന്നാമത്തെ പെന്‍ഡ്രൈവില്‍ സുപ്രീംകോടതി ആവശ്യപ്പെട്ട വിവരങ്ങളും രണ്ടാമത്തേതില്‍ ഇവ സൂക്ഷിക്കുന്ന പാസ്‌വേഡുകളുമാണ്. പെന്‍ഡ്രൈവുകളുടെ ഹാര്‍ഡ് കോപ്പി ആവശ്യമെങ്കില്‍ നല്‍കാമെന്നും എസ്ബിഐ കോടതിയെ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ബോണ്ടുകളുടെ നമ്പറുകള്‍ നല്‍കാത്തതിന് സുപ്രീംകോടതി എസ്ബിഐയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.