നാളെ ബാങ്കില്‍ പോവാനിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇക്കാര്യങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ പണിപാളും

നാളെ രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചതിനാല്‍ നാളെ ബാങ്ക് സേവനങ്ങളില്‍ തടസം നേരിടാന്‍ സാദ്ധ്യത. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനാണ് (എഐബിഇഎ) നവംബര്‍ 19ന് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തത്.

ബാങ്ക് പണിമുടക്ക് രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ സേവനങ്ങളെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ച അനിശ്ചിതത്വത്തിലാണെന്ന് എഐബിഇഎ അവകാശപ്പെടുന്നതിനാല്‍ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

ഇനി തിങ്കളാഴ്ച മാത്രമാകും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. യൂണിയന്‍ പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ ബാങ്കുകള്‍ ജീവനക്കാരെ കരുതിക്കൂട്ടി ഉപദ്രവിക്കുന്നു എന്നാണ് അസോസിയേഷന്‍ പറയുന്നത്. ഇതിനെതിരെയാണ് രാജ്യവ്യാപകമായി പണിമുടക്ക് . പണിമുടക്ക് മൂലം ആളുകള്‍ പണം പിന്‍വലിക്കാന്‍ കൂടുതലായി എടിഎമ്മുകള്‍ ഉപയോഗിക്കാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ഉപഭോക്താക്കള്‍ക്ക് തടസ്സം നേരിടാനുള്ള സാഹചര്യവുമുണ്ട്.

പണിമുടക്ക് ദിവസങ്ങളിലും ബാങ്കിന്റെ എല്ലാ ശാഖകളുടെയും പ്രവര്‍ത്തനത്തിന് ആവശ്യമായ നടപടികള്‍ ബാങ്ക് സ്വീകരിക്കുന്നുണ്ടെങ്കിലും പണിമുടക്ക് ബ്രാഞ്ചുകളുടെയും ഓഫീസുകളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചേക്കാമെന്നും അധികൃതര്‍ പറയുന്നു.