'പരീക്ഷണം പൂര്‍ത്തിയായിട്ടില്ല', പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ച് അഖിലേഷ് യാദവ്

ഉത്തര്‍പ്രദേശില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പരീക്ഷണങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇപ്പോള്‍ തീരുമാനങ്ങളെടുക്കാനുള്ള സമയമായിരിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.നിലവില്‍ യു.പിയില്‍ ബി.ജെ.പി മുന്നിലാണെന്നാണ് സൂചനകള്‍.

‘പരീക്ഷണങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇപ്പോള്‍ തീരുമാനങ്ങളെടുക്കാനുള്ള സമയമായി. രാവും പകലും ജാഗ്രതയോടെയും സജീവമായും പ്രവര്‍ത്തിച്ചതിന് സമാജ്വാദി പാര്‍ട്ടിയുടെയും സഖ്യത്തിന്റെയും എല്ലാ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നേതാക്കള്‍ക്കും ഭാരവാഹികള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.’ അദ്ദേഹം കുറിച്ചു. ജനാധിപത്യത്തിന്റെ ശിപായിമാര്‍ വിജയത്തിന്റെ സര്‍ട്ടിഫിക്കറ്റുമായി മാത്രമേ മടങ്ങുകയുള്ളൂവെന്ന് യാദവ പറഞ്ഞു.

കഴിഞ്ഞ ദിവസം വാരാണസിയില്‍ ഇ.വി.എം കടത്തിക്കൊണ്ടു പോയെന്ന ആരോപണവുമായി അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. ബി.ജെ.പി വഞ്ചനയ്ക്ക് ശ്രമിക്കുകയാണ്. എസ്പി സഖ്യം വിജയിക്കും. അതുകൊണ്ടാണ് ബി.ജെ.പി വഞ്ചന നടത്താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സ്ഥാനാര്‍ഥികളെ അറിയിക്കാതെ ജില്ലാ മജിസ്‌ട്രേറ്റ് വോട്ടിംഗ് യന്ത്രങ്ങള്‍ കൊണ്ടുപോയത് നിയമവിരുദ്ധമാണെന്നും നടന്നിരിക്കുന്നത് മോഷണമാണെന്നും അദ്ദേഹം ആരോപിച്ചു. എക്‌സിറ്റ് പോളുകള്‍ ബി.ജെ.പി വിജയിക്കുമെന്ന ധാരണ സൃഷ്ടിക്കുകയാണ്.

വോട്ടെണ്ണലില്‍ കൃത്രിമം കാണിക്കാനുള്ള ശ്രമം തടയാന്‍ എസ്പി സഖ്യത്തിന്റെ എല്ലാ സ്ഥാനാര്‍ത്ഥികളും അനുഭാവികളും ക്യാമറയുമായി സജ്ജരായിരിക്കണം. ജനാധിപത്യവും ഭാവിയും സംരക്ഷിക്കാന്‍ വോട്ടെണ്ണലില്‍ പങ്കെടുക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ വോട്ടെണ്ണല്‍ ഡ്യൂട്ടിയില്‍ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്ന യന്ത്രങ്ങളാണെന്നും തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചിരുന്നില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നീട് വ്യക്തമാക്കിയിരുന്നു.