പശ്ചിമ ബംഗാളിലേയും തമിഴ്‌നാട്ടിലേയും പാര്‍ട്ടികളുടെ തോല്‍വി, ഐപാക്കിന്റെ കണ്‍സള്‍ട്ടന്‍സി ഇനി വേണ്ടെന്ന് അഖിലേഷ് യാദവ്; 2027ലെ യുപി തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ ഏജന്‍സി വേണ്ടെന്ന് സമാജ് വാദി പാര്‍ട്ടി

2027ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രമുഖ രാഷ്ട്രീയ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഐപാക്കുമായുള്ള (ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി ) ചര്‍ച്ചകള്‍ സമാജ്‌വാദി പാര്‍ട്ടി അവസാനിപ്പിച്ചതായി സൂചന. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഐപാക്കിന്റെ സഹായത്തോടെ മത്സരിച്ച പാര്‍ട്ടികള്‍ക്കുണ്ടായ തകര്‍ച്ചയാണ് സ്ട്രാറ്റജിസ്റ്റ് ഏജന്‍സിയെ മാറ്റാമെന്ന തീരുമാനത്തിലേക്ക് അഖിലേഷ് യാദവിനെ എത്തിച്ചത്. അഖിലേഷ് യാദവ് നയിക്കുന്ന എസ്പി ഐപാക്കുമായി ഔദ്യോഗികമായി കരാര്‍ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും പ്രചാരണമാനേജ്‌മെന്റ് സംവിധാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാസങ്ങളായി നടക്കുന്നുണ്ടായിരുന്നു. ആ ചര്‍ച്ചകളാണ് ഇപ്പോള്‍ ഉപേക്ഷിച്ചിരിക്കുന്നത് എന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നത്.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ കൂടുതല്‍ സ്വതന്ത്രമായ പ്രവര്‍ത്തന ശൈലി സ്വീകരിക്കാനാണ് അഖിലേഷ് യാദവിന്റെ തന്ത്രപരമായ ഈ മാറ്റം. പുറത്തുനിന്നുള്ള ഏജന്‍സികളെ ആശ്രയിക്കുന്നതിന് പകരം സ്വന്തം പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തില്‍ വിശ്വസിക്കാനാണ് നിലവില്‍ നേതൃത്വം താല്‍പര്യപ്പെടുന്നത് എന്നും പാര്‍ട്ടിവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇഡിയെ ഉപയോഗിച്ച് ഏജന്‍സികളേയും വേട്ടയാടുന്ന ബിജെപി, ആ സാധ്യത യുപിയിലും പ്രയോജനപ്പെടുത്തിയാല്‍ ഉണ്ടാകുന്ന നഷ്ടങ്ങള്‍ തിരിച്ചറിഞ്ഞാണ് എസ്പിയുടെ പിന്മാറ്റം. നേരത്തെ കല്‍ക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി ഇഡി ഐപാക്കിന്റെ കൊല്‍ക്കത്ത ഓഫീസിലും സഹസ്ഥാപകന്‍ പ്രതീക് ജെയിനിന്റെ വസതിയിലും പരിശോധന നടത്തിയിരുന്നു. ഈ റെയ്ഡുകള്‍ പശ്ചിമ ബംഗാളില്‍ വലിയ രാഷ്ട്രീയ ഏറ്റുമുട്ടലിന് കാരണമായിരുന്നു.

റെയ്ഡ് നടക്കുന്ന സമയത്ത് മമതാ ബാനര്‍ജി നേരിട്ട് ഐപാക് ഓഫീസ് സന്ദര്‍ശിക്കുകയും കേന്ദ്ര ഏജന്‍സികള്‍ പാര്‍ട്ടിയുടെ വിവരങ്ങളും തിരഞ്ഞെടുപ്പ് തന്ത്രങ്ങളും ചോര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പരിശോധനകള്‍ നടത്തുന്നത് എന്ന ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇഡി ഉദ്യോഗസ്ഥര്‍ കൊല്‍ക്കത്തയിലെ ഓഫീസില്‍ പരിശോധന നടത്തുന്ന അതേ ദിവസം തന്നെ, ഐപാക് പ്രതിനിധികള്‍ ലഖ്‌നൗവില്‍ സമാജ്‌വാദി പാര്‍ട്ടി നേതാക്കളുമായി 2027ലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച ഒരു ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരുന്നു. ഇഡി പരിശോധനയുടെ വാര്‍ത്ത പാര്‍ട്ടി നേതാക്കളില്‍ അസ്വസ്ഥത ഉണ്ടാക്കിയിരുന്നു.

പിന്നാലെയാണ് ഐപാക്ക് സേവനം തേടിയ ഇടങ്ങളിലെ ഭരണകക്ഷികള്‍ അമ്പേ തിരഞ്ഞെടുപ്പില്‍ വീണത്. പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിക്കും തമിഴ്‌നാട്ടില്‍ എം.കെ. സ്റ്റാലിനും നേരിട്ട പരാജയങ്ങളെ വളരെ ശ്രദ്ധയോടെയാണ് അഖിലേഷ് യാദവ് നോക്കിക്കാണുന്നത്. ഈ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും പ്രചാരണ മാനേജ്‌മെന്റിലും ഐപാക് പങ്കാളികളായിരുന്നു. ഐപാക്കുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡുകളും അന്വേഷണങ്ങളും സമാജ്‌വാദി പാര്‍ട്ടിക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

ബംഗാളിലും തമിഴ്‌നാട്ടിലും നേരിട്ട തിരഞ്ഞെടുപ്പ് തിരിച്ചടികളും ഐപാക്കുമായി അടുത്ത് സഹകരിക്കുന്നത് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന കാഴ്ചപ്പാട് എസ്പിക്കുള്ളില്‍ ശക്തമാക്കിയതായാണ് വിവരം.