മഹാരാഷ്ട്ര നിയമസഭയുടെ പ്രതിപക്ഷ നേതാവാകാൻ അജിത് പവാർ

മഹാരാഷ്ട്ര നിയമസഭയുടെ പ്രതിപക്ഷ നേതാവാകാൻ മുതിർന്ന എൻ.സി.പി നേതാവ് അജിത് പവാർ. മഹാരാഷ്ട്രയിൽ   വിശ്വാസ വോട്ടെടുപ്പിലൂടെ  ഷിൻഡേ സർക്കാർ അധികാരത്തിലേത്തിയതോടെയാണ് ഉപ മുഖ്യമന്ത്രിയായിരുന്ന അജിത് പവാർ പ്രതിപക്ഷ നേതാവാകുന്നത്. മഹാവികാസ് അഗാഡിയിൽ ഏറ്റവും കൂടുതൽ എം.എൽ.എമാരുള്ളതിനാലാണ് എൻ.സി.പിക്ക് പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചത്.

55 എംഎൽഎമാരുണ്ടായിരുന്ന ശിവസേനയ്ക്ക് നിലവിൽ 16 പേരുടെ പിന്തുണ മാത്രമാണുള്ളത്. ബാരമതിയിൽ നിന്നുള്ള സാമാജികനായ അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനം കൂടാതെ ധനമന്ത്രി പദവിയും വഹിച്ചിട്ടുണ്ട്. എൻ.സി.പി അധ്യക്ഷൻ ശരത് പവാറിന്റെ അനന്തിരവൻ കൂടിയാണ് അജിത്ത് പവാർ.

ഏക്‌നാഥ് ഷിൻഡെ സർക്കാർ ആറു മാസത്തിനുള്ളിൽ നിലം പതിക്കുമെന്നും അടുത്ത തിരെഞ്ഞെടുപ്പിനു ഒരുങ്ങാനും  ശരത് പവാർ കഴിഞ്ഞദിവസം അണികളൊടു ആവശ്യപ്പെട്ടിരുന്നു. വിശ്വാസ വോട്ടെടുപ്പും കൂറുമാറ്റവും നിലവിൽ സുപ്രിം കോടതിയുടെ പരിഗണനയിലാണ്. ഷിൻഡേ സർക്കാർ ഭൂരിപക്ഷം നേടിയെങ്കിലും യഥാർത്ഥ ശിവസേന ഏതാണെന്ന കാര്യത്തിൽ അന്തിമ തീർപ്പ് കൽപിച്ചിട്ടില്ല.

ശിവസേന അധ്യക്ഷനെന്ന നിലയിൽ എല്ലാ ശിവസേന അംഗങ്ങൾക്കും ചിഹ്നം നൽകിയത് ഉദ്ധവ് താക്കറെ ആയതിനാൽ കോടതി വിധി അനുകൂലമാകുമെന്നു അവർ കരുതുന്നു. സ്പീക്കർ വിമത ശിവസേനയെ അംഗീകരിച്ചതിനാൽ കോടതി എതിരാകില്ലന്നു ഷിൻഡെ വിഭാഗവും ഉറച്ചു വിശ്വസിക്കുന്നു .ചിഹ്നം ആവശ്യപ്പെട്ടു വിമത ശിവസേനയും തിരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.