കര്‍ഷകരുടെ മരണം അജയ് മിശ്രയെ പുറത്താക്കണം; പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ അമിതവേഗത്തിലെത്തിയ വാഹനം ഇടിച്ചുകയറി കര്‍ഷകര്‍ മരിക്കാനിടയായ സംഭവത്തില്‍ ആരോപണവിധേയനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്മിശ്രയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു.

അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കേസിലെ മുഖ്യപ്രതിയായത് കൊണ്ട് കര്‍ഷകര്‍ക്ക് നീതി ലഭിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അജയ് മിശ്രയുമായി വേദി പങ്കിടരുതെന്നും കത്തില്‍ പറയുന്നു.

രാജ്യവ്യാപകമായി കര്‍ഷകര്‍ക്കെതിരെ എടുത്തിട്ടുള്ള എല്ലാ കേസുകളും പിന്‍വലിക്കണമെന്നും മരിച്ച കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്നും പ്രിയങ്ക ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ലഖിംപൂര്‍ ഖേരിയില്‍ സമരം നടത്തിയിരുന്ന കര്‍ഷകരെ വാഹനം ഇടിച്ചുകയറ്റി കൊലപ്പടുത്തിയ കേസില്‍ അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാല് കര്‍ഷകരുള്‍പ്പെടെ 8 പേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്.