അര്‍ണബ് താങ്കളൊരു ഭീരുവോ അതോ മാധ്യമ പ്രവര്‍ത്തകനോ? അര്‍ണബിനെ വീണ്ടും ചോദ്യം ചെയ്ത് കുനാല്‍ കംറ

റിപ്പബ്ലിക് ടി.വിയിലെ മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ വീണ്ടും ചോദ്യം ചെയ്ത് സ്റ്റാന്‍ഡ്അപ് കൊമേഡിയന്‍ കുനാല്‍ കംറ. ഇന്ന് രാവിലെ ലക്നൗവില്‍ നിന്ന് യാത്ര തിരിച്ച വിമാനത്തില്‍ വെച്ചാണ് കുനാല്‍ കംറ അര്‍ണബിനെ ചോദ്യം ചെയ്തത്. കുനാല്‍ കംറ തന്നെയാണ് ഇക്കാര്യം തന്റ ട്വീറ്റിലൂടെ അറിയിച്ചത്.

എളിമയോടെ താന്‍ അര്‍ണബിനോട് സത്യസന്ധമായ ഒരു ചര്‍ച്ചയ്ക്ക് തയ്യാറാണോ എന്ന് ചോദിച്ചതായും എന്നാല്‍ അസഹിഷ്ണുതയോടെ ഒന്നും പറയാനില്ല തന്നോട് മാറി പോകുവാന്‍ ആംഗ്യഭാഷയിലൂടെ പറഞ്ഞുവെന്നും അത് താന്‍ അനുസരിച്ചെന്നും കുനാല്‍ കംറ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം അര്‍ണബിന്റെ കൂടെ മറ്റൊരു വിമാനത്തില്‍ യാത്ര ചെയ്ത കംറ അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമ പ്രവര്‍ത്തകനാണോ, അതോ നിങ്ങളൊരു ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കുനാല്‍ കംറ അര്‍ണബിനോട് ചോദിച്ചത്. അതേസമയം അര്‍ണബ് തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്നും കുനാല്‍ കംറ പറയുന്നുണ്ട്. തുടരെ അര്‍ണാബിനെ ഭീരുവെന്ന് വിളിക്കുന്ന കംറ ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത് രോഹിതിന്റെ അമ്മയ്ക്കു വേണ്ടിയാണെന്നും വ്യക്തമാക്കിയിരുന്നു.

അതേസമയം അര്‍ണബിനെ ബുദ്ധിമുട്ടിച്ചെന്ന് ആരോപിച്ച് കുനാല്‍ കംറയ്ക്ക് വിമാനകമ്പനിയായ ഇന്‍ഡിഗോ യാത്രാ വിലക്കേര്‍പ്പെടുത്തിയിരുന്നു.ഇതിന് പിന്നാലെ എയര്‍ ഇന്ത്യയും യാത്ര ഇപ്പോള്‍ ഇദ്ദേഹത്തിന് യാത്രാ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ യാത്രാവിലക്ക് തുടരുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്.

വിലക്ക് ഏര്‍പ്പെടുത്താനുള്ള തീരുമാനം ഇന്‍ഡിഗോ പ്രഖ്യാപിച്ചതിന് ശേഷം കംറയ്‌ക്കെതിരെ സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മറ്റ് വിമാനക്കമ്പനികളോട് നിര്‍ദ്ദേശിക്കുന്നതായി വ്യേമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തിരുന്നു.എന്നാല്‍ മന്ത്രി ട്വീറ്റിനെതിരെ നിരവധി പേരാണ് വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്.

“ഇപ്പോള്‍ ഇതാണ് നിയമം. അത്തരമൊരു കേസ് പരിശോധിക്കാന്‍ നിങ്ങള്‍ക്ക് ആദ്യം ഒരു റിട്ടയേര്‍ഡ് ഡിസ്ട്രിക്റ്റ് അല്ലെങ്കില്‍ സെഷന്‍സ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഒരു ആഭ്യന്തരസമിതി ആവശ്യമാണ്. ഈ കമ്മിറ്റി വിശദമായ അന്വേഷണം നടത്തി കുറ്റം ലെവല്‍ 1, 2, അല്ലെങ്കില്‍ 3 ആണോ എന്ന് തീരുമാനിക്കണം. നിങ്ങളുടെ ആഭ്യന്തര സമിതി 24 മണിക്കൂറിനുള്ളില്‍ ഒരു അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ടോ? ഗോസ്വാമി ഒരു പ്രസ്താവന നല്‍കിയിട്ടുണ്ടോ? ഇല്ലായെന്ന് ഞാന്‍ തറപ്പിച്ച് പറയുന്നു. മാത്രമല്ല ഒരു തീരുമാനത്തിലെത്തിയ ശേഷം, നിങ്ങള്‍ രൂപീകരിക്കേണ്ട ഒരു ആഭ്യന്തര അപ്പലേറ്റ് കമ്മിറ്റിക്ക് വിശദികരണം നല്‍കാന്‍ കുനാല്‍ കംറയ്ക്ക് 60 ദിവസം നല്‍കണം. നിങ്ങള്‍ അത് ചെയ്തിട്ടുണ്ടോ? “എന്ന് ആക്ടിവിസ്റ്റ് സഖേത് ഗോഖലെ ചോദ്യം ചെയ്തു.

അതേസമയം  കുനാല്‍ കംറയെ വിലക്കിയ വിമാന കമ്പനികള്‍ക്കെതിരെ സോഷ്യല്‍ മീഡിയ രംഗത്തു വന്നു. വിമാനത്തിനകത്ത് വെച്ച് അനുമതിയില്ലാത്ത അഭിമുഖമെടുത്ത റിപ്പബ്ലിക്ക് ടിവി റിപ്പോര്‍ക്കും വിമാനയാത്രയ്ക്ക് വൈകിയെത്തി യാത്രക്കാരെ ബുദ്ധിമുട്ടിച്ച ബി.ജെ.പി എം.പി പ്രഗ്യ സിംഗ് ഠാക്കൂറിനുമെതിരെ നടപടിയെടുക്കാത്തത് ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയില്‍ വ്യാപക പ്രതിഷേധം ഉയരുന്നത്.

താന്‍ ബുക്ക് ചെയ്ത സീറ്റ് ലഭിച്ചില്ലെന്ന് പറഞ്ഞാണ് പ്രഗ്യ സിംഗ് വിമാനത്തിലെ യാത്രക്കാര്‍ക്ക് മുഴുവന്‍ ബുദ്ധിമുട്ടുണ്ടാക്കിയത്. യാത്രക്കാരില്‍ പലരും ഇത് ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ പ്രഗ്യാ സിംഗിനെതിരെ യാതൊരു നടപടിയും എടുക്കാന്‍ എന്തേ വിമാന കമ്പനികള്‍ തയ്യാറായില്ലെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

2017- ല്‍ ആര്‍.ജെ.ഡി നേതാവിനെ വിമാനത്തിനകത്ത് വെച്ച് അനുമതിയില്ലാതെ അഭിമുഖം ചെയ്ത റിപ്പബ്ലിക്ക് ടിവി റിപ്പോര്‍ട്ടര്‍ക്കെതിരെ എന്ത് നടപടിയെടുത്തെന്നും ചോദ്യം ഉയരുന്നുണ്ട്. അഭിമുഖത്തിന് ശ്രമിച്ചപ്പോള്‍ വിമാനം ഒരു അഭിമുഖത്തിന് അനുയോജ്യമായ സ്ഥലമല്ലെന്നും മറ്റ് യാത്രക്കാരെ ശല്യപ്പെടുത്തരുതെന്നും ആര്‍.ജെ.ഡി നേതാവ് തേജശ്വി യാദവ് റിപ്പോര്‍ട്ടറോട് പറഞ്ഞു.

എന്നാല്‍ റിപ്പോര്‍ട്ടര്‍ നിര്‍ബന്ധിച്ച് ചോദ്യം തുടരുകയും റിപ്പബ്ലിക് ടിവി സൂപ്പര്‍ എക്സിക്ലൂസീവ് ആയി അഭിമുഖം അവതരിപ്പിക്കുകയും ചെയ്തു. റിപ്പബ്ലിക് ടിവി ജീവനക്കാര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല.

അതേസമയം തനിക്ക് ആറ് മാസം യാത്രാവിലക്കേര്‍പ്പെടുത്തിയ ഇന്‍ഡിഗോ വിമാന കമ്പനിയെ പരിഹസിച്ചു കൊണ്ട് കുനാല്‍ കംറ ട്വീറ്റ് ചെയ്തിരുന്നു.

Read more

“നന്ദി ഇന്‍ഡിഗോ.ആറ് മാസത്തെ സസ്‌പെന്‍ഷന്‍ നല്‍കാനുള്ള കാരുണ്യം കാണിച്ചതിന്. മോദിജി എയര്‍ ഇന്ത്യ ആറു മാസം കൊണ്ട് സസ്‌പെന്‍ഡ് ചെയ്യുമെന്ന് കരുതുന്നു.” കംറ ട്വീറ്റ് ചെയ്തു.