ബിജെപിയുടെ അണ്ണാമലൈയുമായി കൊമ്പുകോര്‍ത്ത് പിണങ്ങി പടിയിറക്കം; എന്‍ഡിഎ സഖ്യം ഔദ്യോഗികമായി അവസാനിപ്പിച്ച് അണ്ണാഡിഎംകെ

തമിഴ്‌നാട്ടില്‍ എന്‍ഡിഎ- അണ്ണാഡിഎംകെ സഖ്യം പിളര്‍ന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈയുമായുള്ള വാക്‌പോരിന് ഒടുവില്‍ ബിജെപിയുമായി സഖ്യമില്ലെന്ന് ഔദ്യോഗികമായി അണ്ണാഡിഎംകെ പ്രഖ്യാപിച്ചു. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമിയുടെ അധ്യക്ഷതയില്‍ സംസ്ഥാന ജില്ലാ നേതാക്കളെല്ലാം ഒത്തുചേര്‍ന്ന യോഗത്തിന് ശേഷമാണ് ബിജെപിയുമായി സഖ്യമില്ലെന്ന പാര്‍ട്ടി തീരുമാനം. ഔദ്യോഗികമായി തന്നെ എന്‍ഡിഎയുമായി സഖ്യത്തിനില്ലെന്ന് എഐഎഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കെ പി മുനുസാമി അറിയിച്ചു.

ദേശീയ തലത്തിലും എന്‍ഡിഎയുമായി യാതൊരുവിധ സഹകരണവുമില്ലെന്ന് അണ്ണാഡിഎംകെ ഏകകണ്ഠമായി തീരുമാനിച്ചുവെന്നും മുനുസാമി അറിയിച്ചു. അണ്ണാഡിഎംകെ സ്ഥാപകനായ എംജിആറിന്റെ മാര്‍ഗദര്‍ശിയുമായ ദ്രാവിഡ രാഷ്ട്രീയത്തിന്റെ സ്ഥാപകനേതാക്കളിലൊരാളായ സി എന്‍ അണ്ണാദുരൈയൈ കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ നടത്തിയ പരാമര്‍ശങ്ങളാണ് എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പാര്‍ട്ടി പുറത്തുവരാന്‍ കാരണമായത്.

ബിജെപി- അണ്ണാഡിഎംകെ ബന്ധം വഷളായതോടെ പുനരുജ്ജീവിപ്പിക്കാനുള്ള അവസാന ശ്രമം ശനിയാഴ്ച ഡല്‍ഹിയില്‍ നടന്നിരുന്നു. ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള യോഗത്തില്‍ അണ്ണാമലൈ മാപ്പ് പറയണമെന്ന ആവശ്യത്തില്‍ അണ്ണാഡിഎംകെ ഉറച്ചുനിന്നു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി സിഎന്‍ അണ്ണാദുരൈയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ബി ജെ പിയുടെ തമിഴ്നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ മാപ്പ് പറയണമെന്നും അല്ലെങ്കില്‍ അദ്ദേഹത്തിന് പകരം ‘വിവാദത്തിന് ഇടനല്‍കാത്ത ഒരു നേതാവിനെ’ അധ്യക്ഷനായി നിയമിക്കണമെന്നും അണ്ണാഡിഎംകെ ആവശ്യപ്പെട്ടിരുന്നു.

  https://www.youtube.com/watch?v=kkmgozjZ_Kc&t=239s

എന്നാല്‍ തങ്ങളുടെ പാര്‍ട്ടിയെ തമിഴ്‌നാട്ടില്‍ പുനരുജ്ജീവിപ്പിച്ച അണ്ണാമലൈയെ തഴയാന്‍ ബിജെപി കേന്ദ്രനേതൃത്വം ഒരുക്കമല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് സഖ്യത്തിന് പുറത്തേക്ക് അണ്ണാഡിഎംകെ നീങ്ങിയത്. അണ്ണാഡിഎംകെയുടെ സഖ്യം വേണ്ടെന്ന് മുന്‍പ് അണ്ണാമലൈ തുറന്നടിച്ചിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികം സീറ്റിനായി സമ്മര്‍ദ്ദം ശക്തമാക്കിയതും അണ്ണാഡിഎംകെ സഖ്യം വിടാന്‍ തീരുമാനിക്കാന്‍ കാരണമായി.