വീണ്ടും എൻഡിഎയിലേക്കോ?; തമിഴ്നാട്ടിൽ നിര്‍മ്മല സീതാരാമനുമായി എഐഎഡിഎംകെ എംഎൽഎ-മാര്‍ കൂടിക്കാഴ്ച നടത്തി

തമിഴ്നാട് രാഷ്ട്രീയത്തിൽ ഏറെ ചോദ്യങ്ങളുയർത്തുകയാണ് എഐഎഡിഎംകെയുടെ പുതിയ നടപടി. കേന്ദ്ര മന്ത്രി നിർമ്മല സീതാരാമനുമായി മൂന്ന് എഐഎഡിഎംകെ എംഎൽഎ-മാര്‍ കൂടിക്കാഴ്ച നടത്തിയതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. നിര്‍മല സീതാരാമനെ തമിഴ്നാടിന്‍റെ പാര്‍ട്ടി ചുമതല എൽപ്പിക്കുന്നത് ബിജെപിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് കൂടിക്കാഴ്ച എന്നതാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്.

കഴിഞ്ഞ ആഴ്ച എൻഡിഎ വിടാൻ എഐഎഡിഎംകെ തീരുമാനമെടുത്തിരുന്നു. അണ്ണാദുരൈയേയും ജയലളിതയേയും ബിജെപി അധിക്ഷേപിച്ചെന്ന് കുറ്റപ്പെടുത്തിയാണ് എഐഎഡിഎംകെ മുന്നണി വിട്ടത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാൽ പ്രശ്ന പരിഹാരം കാണാൻ ബിജെപി തീവ്രശ്രമത്തിലാണ്. തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുന്നത് കടുത്ത വെല്ലുവിളി നേരിടുമെന്ന് കേന്ദ്ര നേതൃത്വത്തിന് തന്നെ ധാരണയുണ്ട്.

ഈ സാഹചര്യത്തിൽ ഒരു പ്രമുഖ ദ്രാവിഡ കക്ഷിയെ പിണക്കാതിരിക്കുക എന്നത് തന്നെയാണ് ബിജെപിയുടെ തന്ത്രമാകുക. എന്നാൽ എഐഎഡിഎംകെയുമായുള്ള സഖ്യം പുനസ്ഥാപിക്കുന്നതിൽ ആശയക്കുഴപ്പം തുടരുകയാണ്. തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ ച‍ര്‍ച്ചകൾക്കായി ദില്ലിയിലുണ്ടെങ്കിലും ഇതുവരെ മോദിയെയും അമിത് ഷായെയും കാണാനായിട്ടില്ല.

ഇതിനിടെ എഐഎഡിഎംകെയെ അനുനയിപ്പിക്കാൻ അസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ച‍ര്‍ച്ചകൾ നടന്നിരുന്നു. എഐഡിഎംകെയ്ക്കെതിരെ പരസ്യ പ്രസ്താവന പാടില്ല എന്ന് കെ അണ്ണാമലക്ക് നിർദേശം നൽകിയതിന് പിന്നാലെയാണ് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ കളത്തിൽ ഇറക്കി അമിത് ഷാ ചരടുവലിച്ചത്. എന്നാൽ ബിജെപിയുമായി ഇനി ഒത്തുതീർപ്പിനില്ലെന്നായിരുന്നു എഐഎഡിഎംകെയുടെ പ്രതികരണം.