242 പേരുടെ ജീവനെടുത്ത് രാജ്യത്തെ കണ്ണീരിലാഴ്ത്തി അഹമ്മദാബാദ് വിമാന ദുരന്തം; എയർ ഇന്ത്യ വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചു

രാജ്യത്തെ കണ്ണീരിലാഴ്ത്തി അഹമ്മദാബാദ് വിമാന ദുരന്തം. വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചു. ഗുജറാത്ത് പൊലീസാണ് ഇതുസംബന്ധിച്ച് സ്ഥിരീകരണം നടത്തിയത്. മരണം 242 ആയി. 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയ‍ർ ഇന്ത്യ വിമാനമാണ് തകർന്ന് വീണത്. പറന്നുയർന്ന വിമാനം അഞ്ച് മിനിറ്റിനുള്ളിൽ തകർന്നു വീഴുകയായിരുന്നു.

ഉച്ചക്ക് ഒന്നരയോട് കൂടി ജനവാസ മേഖലയിലാണ് ടേക്ക് ഓഫിനിടെ എയർ ഇന്ത്യ വിമാനം തകർന്നുവീണത്. വിമാനത്തിൽ 232 യാത്രക്കാരും 10 ക്രൂ അം​ഗങ്ങളുമാണുണ്ടായിരുന്നത്. ​ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. രാജ്യത്തെ നടുക്കിയ വിമാന ദുരന്തത്തിന് പിന്നാലെ അഹമ്മദാബാദ് വിമാനത്താവളം അടച്ചു. ഇവിടെ നിന്നുള്ള എല്ലാ വിമാന സർവീസുകളും താത്കാലികമായി നിർത്തിവച്ചതായും അറിയിപ്പുണ്ട്. രക്ഷാ പ്രവർത്തനത്തിന്‍റെയടക്കം ഭാഗമായാണ് നടപടി.

Read more

അതേസമയം എയർ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ബിജെ മെ‍ഡിക്കൽ കോളേജ് ഹോസ്റ്റലിൽ അഞ്ച് വിദ്യാർത്ഥികൾ മരിച്ചതായി നേരത്തെ സ്ഥിരീകരണം വന്നിരുന്നു. നാല് മെഡിക്കൽ ബിരുദ വിദ്യാർത്ഥികളും ഒരു പിജി റെസിഡന്റുമാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. വിമാനം ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലേക്ക് വീണ് കത്തുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇവിടെയുണ്ടായിരുന്ന വിദ്യാർത്ഥികളെയാണ് ആദ്യം പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.