അഹമ്മദാബാദ് സ്‌ഫോടന കേസ്; 38 പേർക്ക് വധശിക്ഷ,11 പേർക്ക് ജീവപര്യന്തം

അഹമ്മദാബാദ് സ്ഫോടനകേസില്‍ 38 പേര്‍ക്ക് വധശിക്ഷയും 11 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. അഹമ്മദാബാദ് പ്രത്യേക കോടതിയുടേതാണ് വിധി.

മൂന്ന് മലയാളികളടക്കം 49 പേരെയാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ഷിബിലി എ കരീം, ശാദുലി എ കരീം,  ബി ശറഫുദ്ദീന്‍ എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ മലയാളികള്‍. കേസിൽ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 28 പ്രതികളെ വെറുതെ വിട്ടിരുന്നു.

കേസില്‍ 2021 സെപ്റ്റംബറില്‍ വിചാരണ പൂര്‍ത്തിയാക്കിയിരുന്നു. 2009 ഡിസംബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. വര്‍ഷങ്ങളോളം നീണ്ട വിചാരണക്കിടെ 1100 സാക്ഷികളെയാണ് വിസ്തരിച്ചത്.

2008 ജൂലായ് 26-നാണ് അഹമ്മദാബാദ് നഗരത്തിലെ വിവിധ ഇടങ്ങളില്‍ ബോംബ് സ്ഫോടനങ്ങളുണ്ടായത്. 70 മിനിറ്റുകള്‍ക്കിടെ നഗരത്തിലെ 21 ഇടങ്ങളിലുണ്ടായ സ്ഫോടനങ്ങളില്‍ 56 പേര്‍ മരിച്ചു.

Read more

സ്ഫോടനത്തിന് പിന്നില്‍ തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.  ഇന്ത്യൻ മുജാഹിദ്ദീൻ പ്രവർത്തകരായ യാസീൻ ഭട്‍കൽ ഉൾപ്പടെ 78 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്.  കേസില്‍ 85 പേരെയാണ് ഗുജറാത്ത് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നത്.