ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് എംഎൽ‌എ ബി.ജെ.പിയിൽ ചേർന്നു

മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ കോൺഗ്രസ് എം‌എൽ‌എ രാഹുൽ സിംഗ് സംസ്ഥാന നിയമസഭയിൽ നിന്ന് രാജിവച്ചത് പാർട്ടിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. മണിക്കൂറുകൾക്ക് ശേഷം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സാന്നിധ്യത്തിൽ ഭോപ്പാലിൽ വച്ച് രാഹുൽ സിംഗ് ബി.ജെ.പിയിൽ ചേർന്നു.

ജൂലൈ മുതൽ ബിജെപിയിൽ ചേരുന്ന നാലാമത്തെ കോൺഗ്രസ് എം‌എൽ‌എയാണ് ഇദ്ദേഹം.

ദാമോയിൽ നിന്നുള്ള നിയമസഭാംഗമായ രാഹുൽ സിംഗ് ആക്ടിംഗ് സ്പീക്കർ രാമേശ്വർ ശർമയ്ക്ക് രാജി നൽകുകയായിരുന്നു. ദാമോ പ്രദേശത്തെ എം‌എൽ‌എ രാഹുൽ സിംഗ് സ്ഥാനമൊഴിഞ്ഞത് അംഗീകരിച്ചിരിക്കുന്നു എന്ന് രാമേശ്വർ ശർമ ട്വീറ്റ് ചെയ്തു.

“ഞാൻ 14 മാസത്തോളം കോൺഗ്രസുമായി പ്രവർത്തിച്ചു, പക്ഷേ എനിക്ക് വികസനത്തിനായി പ്രവർത്തിക്കാനായില്ല. ദാമോയിലെ എല്ലാ പൊതുജനക്ഷേമ പദ്ധതികളും നിർത്തിവച്ചിരിക്കുന്നു. ഇന്ന് ഞാൻ മന: പൂർവ്വം ബിജെപിയിൽ ചേർന്നു. ദാമോ വലിയ ഉയരങ്ങളിൽ എത്തുമെന്ന് എനിക്ക് ഉറപ്പുണ്ട് ” രാഹുൽ സിംഗിനെ ഉദ്ധരിച്ച്‌ എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

ഇതോടെ ദാമോ സീറ്റ് ഒഴിഞ്ഞതായി പ്രഖ്യാപിച്ചു. എന്നിരുന്നാലും, മറ്റ് 28 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 3 ന് നടക്കുമ്പോൾ ഈ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടക്കുമോ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിട്ടില്ല.

നിലവിൽ 107 എം‌എൽ‌എമാരുള്ള ബിജെപിക്ക് 230 അംഗ സഭയിൽ അധികാരം നേടാനുള്ള ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 110 ൽ എത്താൻ ഒൻപത് സീറ്റുകൾ കൂടി നേടേണ്ടതുണ്ട്. സഭയിൽ കോൺഗ്രസിന്റെ അംഗബലം ഇപ്പോൾ 87 ആയി കുറഞ്ഞു.

ബി.ജെ.പിക്ക് അധികാരം പോകാതിരിക്കാൻ ദാമോയും, ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 28 സീറ്റുകളിലും കോൺഗ്രസിന് വിജയിക്കേണ്ടതുണ്ട്.

മുൻ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തരായ 22 വിമത കോൺഗ്രസ് എം‌എൽ‌എമാർ ഈ വർഷം മാർച്ചിൽ പാർട്ടിയിൽ നിന്ന് രാജിവച്ചതിനെത്തുടർന്ന് ഉപതിരഞ്ഞെടുപ്പ് അനിവാര്യമായിരുന്നു. എം‌എൽ‌എമാരുടെ രാജി മധ്യപ്രദേശിൽ 15 മാസം ഭരിച്ച കമൽനാഥ് സർക്കാരിന്റെ പതനത്തിന് കാരണമായിരുന്നു.