കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു, ഇനി പൗരത്വ നിയമ ഭേദഗതി പിന്‍വലിയ്ക്കണം: ബി.എസ്.പി

വിവാദമായി മാറിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ പൗരത്വ നിയമ ഭേദഗതിയും പിന്‍വലിയ്ക്കണമെന്ന ആവശ്യവുമായി ബി.എസ്.പി. ബി.എസ.പി എം.പി ഡാനിഷ് അലി ട്വിറ്ററിലൂടെയാണ് ഇക്കാര്യം ആവശ്യപ്പട്ടിരിക്കുന്നത്.

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നു. ശക്തമായ കേന്ദ്ര ഭരണത്തിനും കോര്‍പ്പറേറ്റുകള്‍ക്കും എതിരെ പൊരുതിയ കര്‍ഷകരുടെ പോരാട്ട വീര്യത്തെയും ഇച്ഛാശക്തിയെയും അഭിനന്ദിയ്ക്കുന്നു എന്നും ഡാനിഷ് അലി ട്വീറ്ററിലൂടെ പറഞ്ഞു. ഇതിന് ശേഷമാണ് പൗരത്വ ഭേദഗതി പിന്‍വലിക്കണം എന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ നടപടി ഇനിയും വൈകികരുത് എന്നും ട്വീറ്റില്‍ പറയുന്നു.

പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രമുഖ മുസ്ലീം സംഘടനയായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദും രംഗത്തുവന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിയ്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രസ്താവനയിലാണ് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അധ്യക്ഷന്‍ അര്‍ഷാദ് മദനി ഇക്കാര്യം ആവശ്യപ്പെട്ടത്. കര്‍ഷകരുടെ പോരാട്ടത്തെ അഭിനന്ദിക്കുന്നു. രാജ്യത്തെ മറ്റെല്ലാ പ്രക്ഷോഭങ്ങളിലും ചെയ്തതുപോലെ കര്‍ഷക സമരത്തെയും കീഴ്‌പ്പെടുത്താന്‍ എല്ലാ ശ്രമങ്ങളും നടത്തി. സമരം നടത്തുന്ന കര്‍ഷകരെ വിഭജിക്കാന്‍ ശ്രമങ്ങള്‍ നടന്നു. അതിനെയെല്ലാം കര്‍ഷകര്‍ അതിജീവിച്ചു. രാജ്യത്തെ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചുവെന്നും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം ജനാധിപത്യത്തിന്റെയും ജനങ്ങളുടെയും വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

2019 ഡിസംബര്‍ 4നാണ് പൗരത്വ (ഭേദഗതി) ബില്‍ 2019 കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. 2019 ഡിസംബര്‍ 10 ന് ലോക്സഭയും പിന്നീട് ഡിസംബര്‍ 11 ന് രാജ്യസഭയും ഈ ബില്‍ പാസാക്കി. 2019 ഡിസംബര്‍ 12 ന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചു. 2020 ജനുവരി 10 മുതല്‍ നിയമം പ്രാബല്യത്തില്‍ വരികയും ചെയ്തു. പാര്‍ലമെന്റ് സിഎഎ പാസാക്കിയതിനെ തുടര്‍ന്ന് രാജ്യമെമ്പാടും വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ജൈനര്‍ ബുദ്ധമതക്കാര്‍, പാഴ്സികള്‍, ക്രിസ്ത്യാനികള്‍ എന്നിവരുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുക എന്നതാണ് സിഎഎ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. പട്ടികയില്‍ നിന്നും മുസ്ലീംങ്ങളെ ഒഴിവാക്കിയതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായത്.