അഗ്നിപഥ്; കലാപകാരികള്‍ക്ക് സൈന്യത്തില്‍ പ്രവേശനമില്ല, സേനയില്‍ യുവത്വം കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് കേന്ദ്രം

സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥില്‍ കലാപകാരികള്‍ക്ക് പ്രവേശനമില്ലെന്ന് ലഫ്. ജനറല്‍ അനില്‍ പുരി. സൈന്യത്തിന്റെ അടിത്തറ അച്ചടക്കമാണ്. പ്രക്ഷോഭങ്ങളുടെ ഭാഗമായവര്‍ക്ക് സൈന്യത്തില്‍ സ്ഥാനമില്ല. നിയമനങ്ങള്‍ക്ക് പൊലീസ് പരിശോധന നിര്‍ബന്ധമാണ്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടാല്‍ അഗ്നിവീര്‍ നിയമനത്തിന് അപേക്ഷിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അഗ്നിവീറുകളും സൈനികരും തമ്മില്‍ വേര്‍തിരിവുകളൊന്നുമില്ല. സൈനികര്‍ക്ക് ലഭിക്കുന്ന അലവന്‍സുകള്‍ അഗ്നിവീറുകള്‍ക്കും ലഭിക്കും. സേനയില്‍ യുവത്വം കൊണ്ടുവരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവിലുള്ള 46,000 മാത്രമല്ല 1.25 ലക്ഷം വരെ അഗ്‌നിവീറുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കും. അഗ്‌നിവീര്‍ ജീവത്യാഗം ചെയ്യേണ്ടിവന്നാല്‍ ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്നും സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അതേസമയം അഗ്‌നിപഥിന്റെ റിക്രൂട്ട്മെന്റ് തിയതികള്‍ പ്രഖ്യാപിച്ചു. കരസേനയിലെ റിക്രൂട്ട്മെന്റ് വിജ്ഞാപനം നാളെ പുറത്തിറക്കും. ആഗസ്റ്റ് പകുതിയോടെ റിക്രൂട്ട്മെന്റ് റാലി നടത്തും. രണ്ടു ബാച്ചുകളായാണ് കരസേനയില്‍ പരിശീലനം നല്‍കുക. ഡിസംബര്‍ ആദ്യവാരവും ഫെബ്രുവരി 23നുമായിട്ടാണ് പരിശീലനം. ജൂണ്‍ 24 മുതല്‍ വ്യോമസേനയില്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. ഡിസംബര്‍ 30നാണ് ആദ്യ ബാച്ചിന്റെ പരിശീലനം ആരംഭിക്കുക. അടുത്ത മാസം പത്തിന് എഴുത്ത് പരീക്ഷ നടത്തും.

നാവിക സേനയില്‍ ഈ മാസം 25ന് വിജ്ഞാപനമിറക്കും. ഒരുമാസത്തിനുള്ളില്‍ ഓണ്‍ലൈന്‍ പരീക്ഷയും നടത്തും. നവംബര്‍ ഒന്നിനാണ് പരിശീലനം തുടങ്ങുന്നത്. അഗ്‌നിപഥ് പദ്ധതിയലൂടെ നാവികസേനയിലേക്ക് വനിതകളേയും നിയമിക്കുമെന്ന് സേനയറിയിച്ചു.സെയിലര്‍മാരായാണ് വനിതകളെ നിയമിക്കുക.