അഗ്നിപഥ്; കരസേന വിജ്ഞാപനം പുറത്തിറക്കി, രജിസ്‌ട്രേഷന്‍ ജൂലൈ മുതല്‍

കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ അഗ്നിപഥിന്റെ റിക്രൂട്ട്‌മെന്റിനായുള്‌ല കരട് വിജ്ഞാപനം കരസേന പുറത്തിറക്കി. ജൂലൈ 22 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. കരസേനയില്‍ ഡിസംബര്‍ ആദ്യവാരവും ഫെബ്രുവരി 23നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ആദ്യബാച്ചില്‍ 25,000 പേരും. രണ്ടാമത്തെ ബാച്ചില്‍ 15,000 പേരുമാണ് കരസേനയില്‍ ചേരുന്നത്. ഓഗസ്റ്റ് പകുതിയോടെ റിക്രൂട്ട്മെന്റ് റാലി നടത്തുമെന്ന് സൈനികകാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി സൂചിപ്പിച്ചിരുന്നു. 40,000 പേരെ തിരഞ്ഞെടുക്കുന്നതിനായി രാജ്യമെമ്പാടും 83 റിക്രൂട്ട്മെന്റ് റാലികള്‍ നടത്താനാണ് കരസേനയുടെ തീരുമാനം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ 2023 പകുതിയോടെ സേനയുടെ ഭാഗമാകുമെന്ന് കരസേന മേധാവി മനോജ് പാണ്ഡെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നാവികസേനയിലെ നിയമനത്തിന്റെ വിശദ രൂപരേഖ ജൂണ്‍ 26 ന് പ്രസിദ്ധീകരിക്കും. വനിതകള്‍ക്കും കൂടുതല്‍ അവസരം ലഭിക്കും. യുദ്ധക്കപ്പലുകളിലും വനിതകള്‍ക്ക് നിയമനം ലഭിക്കും. ആദ്യ ബാച്ചിന്റെ പരിശീലനം നവംബര്‍ 21 ന് ആരംഭിക്കും. വ്യോമസേനയില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂണ്‍ 24 ന് തുടങ്ങും. ഓണ്‍ലൈന്‍ പരീക്ഷ ജൂലൈ 24 മുതല്‍. ആദ്യബാച്ചിന്റെ പരിശീലനം ഡിസംബര്‍ 30 മുതല്‍ നടക്കും.

അതേസമയം പദ്ധതിക്ക് എതിരെ പ്രതിഷേധം രൂക്ഷമനാകാന്‍ സാധ്യയുള്ളതിനാല്‍ ഹരിയാന, ഉത്തര്‍ പ്രദേശ്, ബിഹാര്‍, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ബിഹാറില്‍ സംസ്ഥാന പൊലീസിനും റെയില്‍വ പൊലീസിനും സര്‍ക്കാര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി. റെയില്‍വെ സ്റ്റേഷനുകള്‍ക്ക് കാവല്‍ വര്‍ധിപ്പിച്ചുണ്ട്. യുപിയില്‍ ഗൗതം ബുദ്ധ നഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ജാര്‍ഖണ്ഡില്‍ സ്‌കൂളുകള്‍ അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്.