സാമ്പത്തിക പ്രതിസന്ധി; തെരുവിൽ ഭക്ഷണം വിറ്റ് അഫ്​ഗാൻ മാധ്യമ പ്രവർത്തകൻ

താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങി അഫ്​ഗാനിസ്ഥാൻ.  ദുരവസ്ഥ വ്യക്തമാക്കുന്ന നിരവധി വാര്‍ത്തകൾ പുറത്തുവന്നതിനു പിന്നാലെ  സോഷ്യൽ മീഡിയായിൽ ചര്‍ച്ചയായി മാറുന്നത് അഫ്ഗാനിലെ പ്രമുഖ ഒരു മാധ്യമപ്രവര്‍ത്തകന്റെ ചിത്രങ്ങളാണ് .

പ്രമുഖ ചാനലുകളില്‍ വാര്‍ത്താ അവതാരകനായിരുന്ന മൂസ മൊഹമ്മദിയുടെ ഇപ്പോഴത്തെ ഉപജീവനമാർ​ഗം തെരുവില്‍ ഭക്ഷണം വിറ്റ് കിട്ടുന്ന പണമാണെന്ന് കബീര്‍ ഹഖ്മാല്‍ ട്വീറ്റ് ചെയ്തു. ഹമീദ് കര്‍സായി സര്‍ക്കാരിന്റെ ഭാഗമായിരുന്നു കബീര്‍ ഹഖ്മാല്‍. മൂസ മൊഹമ്മദി കോട്ടും സ്യൂട്ടുമിട്ട് വാര്‍ത്താ സ്റ്റുഡിയോയില്‍ ഇരിക്കുന്നതും  വഴിയിൽ ഭക്ഷണം വിൽക്കുന്നതിന്റെയും ചിത്രങ്ങള്‍ ചേർത്താണ് ഹഖ്മാല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘താലിബാന് കീഴിലുള്ള അഫ്ഗാനിസ്താനിലെ ഒരു ജേണലിസ്റ്റിന്റെ ജീവിതം ഇങ്ങനെയാണ്. വിവിധ ചാനലുകളില്‍ ആങ്കറായും റിപ്പോര്‍ട്ടറായും വര്‍ഷങ്ങളോളം ജോലി ചെയ്തയാളാണ് മൂസ മൊഹമ്മദി. ഇപ്പോള്‍ കുടുംബം പോറ്റാനായി അദ്ദേഹം തെരുവില്‍ ഭക്ഷണം വില്‍ക്കുകയാണ്.

താലിബാന് കീഴടങ്ങിയ ശേഷം മുമ്പില്ലാത്തവിധത്തിലുള്ള ദാരിദ്ര്യമാണ് രാജ്യം അനുഭവിക്കുതെന്നും കബീര്‍ ഹഖ്മാല്‍ ട്വീറ്റ് ചെയ്തു. ചിത്രം പ്രചരിച്ചതിന് പിന്നാലെ നാഷണല്‍ റേഡിയോ ആന്‍ഡ് ടെലിവിഷന്‍ വകുപ്പില്‍ അദ്ദേഹത്തെ മൂസ മൊമ്മദിനെ നിയമിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ അഹമ്മദുള്ള വാസിഖ് അറിയിച്ചു.