ഹത്രാസ്​ കൂട്ട ബലാത്സംഗ കൊല; രാജ്യത്ത്​ പ്രതിഷേധം ആളിപ്പടരുന്നു, ചന്ദ്രശേഖർ ആസാദിനെ​ വീട്ടുതടങ്കലിലാക്കി യു.പി പൊലീസ്

ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിന്​ ഇരയായി ദളിത് യുവതി കൊല്ലപ്പെട്ടതിൽ പ്രതിഷേധം ശക്തമാകുന്നു. കോൺഗ്രസ്​, ഇടതു സംഘടനകൾ, ഭീം ആർമി പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്​ പ്രതിഷേധം. പെൺകുട്ടിക്ക്​ നീതി ലഭ്യമാക്കണമെന്ന്​ ആവശ്യപ്പെട്ട്​ പ്രതിഷേധക്കാർ യു.പി ഭവനും ഇന്ത്യ ഗേറ്റിന്​ മുമ്പിലും ബുധനാഴ്​ച പ്രതിഷേധം സംഘടിപ്പിച്ചു. ബന്ധുക്കളുടെ സമ്മതമില്ലാതെ അർദ്ധരാത്രിയിൽ പെൺകുട്ടിയുടെ മൃതദേഹം യു.പി പൊലീസ്​ സംസ്​കരിച്ചതിനെതിരെയും പ്രതിഷേധം ശക്തമായിട്ടുണ്ട്.

യു.പി ഭവന്​ മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ച കോൺഗ്രസ്​ പ്രവർത്തകരെയും ഇടതു സംഘടന പ്രവർത്തകരെയും പൊലീസ്​ കസ്​റ്റഡിയിൽ എടുത്തിരുന്നു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.  കസ്​റ്റഡിയിൽ എടുത്തവരിൽ കൂടുതലും വിദ്യാർത്ഥികളും സ്​ത്രീകളുമാണ്​. ഇടതു അനുകൂല വിദ്യാർത്ഥി സംഘടനയായ ഓൾ ഇന്ത്യ സ്​റ്റുഡൻറ്​സ്​ ​അസോസിയേഷന്‍റെ (ഐസ) നേതൃത്വത്തിൽ ബുധനാഴ്​ച വൈകുന്നേരം ആഹ്വാനം ചെയ്​തിരുന്ന മെഴുകുതിരി തെളിയിച്ചുള്ള​ പ്രതിഷേധം പൊലീസ്​ തടഞ്ഞു. പ്രവർത്തകരെ ബലം പ്രയോഗിച്ച്​ നീക്കം ചെയ്​തു. പൊലീസ്​ ബലം പ്രയോഗിച്ച്​ പ്രതിഷേധക്കാരെ നീക്കം ചെയ്​തതായും സ്​ത്രീകളെ ഉപദ്രവിച്ചതായും ഐസ ആരോപിച്ചു.

കസ്റ്റഡിയില്‍ എടുത്ത ചന്ദ്രശേഖര്‍ ആസാദിനെ സഹരാന്‍പുരില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ കുടുംബത്തെ ഡല്‍ഹിയില്‍ നിന്ന് ഹത്രാസിലേക്ക് ചന്ദ്രശേഖര്‍ ആസാദ് അനുഗമിച്ചിരുന്നു. വഴിമദ്ധ്യേ തന്നെ ഉത്തര്‍ പ്രദേശ് പൊലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നും സഹരാന്‍പുറില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ആസാദ് ട്വീറ്റ് ചെയ്തു.

“നമ്മുടെ സഹോദരിയെ കുടുംബത്തി​ൻെറ അഭാവത്തിൽ, അവരുടെ സമ്മതമില്ലാതെ അർദ്ധരാത്രിയിൽ പൊലീസ്​ സംസ്​കരിച്ചത് എങ്ങനെയാണെന്ന്​ ലോകം മുഴുവൻ കണ്ടു. സർക്കാരി​ൻെറയും പൊലീസി​ൻെറയും ധാർമ്മികത മരിച്ചു. ബുധനാഴ്​ച രാത്രിയോടെ എന്നെ പൊലീസ്​​ കസ്​റ്റഡിയിലെടുക്കുകയും സഹാരൻപുരിലെ വീട്ടിൽ തടങ്കലിലാക്കുകയും ചെയ്​തു. എങ്കിലും ഇതിനെതിരെ പോരാടും” -ചന്ദ്രശേഖർ ആസാദ്​ ട്വീറ്റ്​ ചെയ്​തു.

സഹരാന്‍പുര്‍ പൊലീസ് നല്‍കിയ നോട്ടീസിന്റെ ചിത്രവും ആസാദ് പങ്കുവെച്ചിട്ടുണ്ട്. ഫത്തേപുര്‍ പോലീസ് സ്‌റ്റേഷന്റെ ചുമതല വഹിക്കുന്ന മനോജ് ചൗധരിയാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം വീട്ടുതടങ്കല്‍ അല്ലെന്നും ക്രമസമാധാന സാഹചര്യം മുന്‍നിര്‍ത്തി ആസാദിനോട് വീട്ടില്‍ തുടരാന്‍ ആവശ്യപ്പെടുകയാണ് ചെയ്തതെന്നും മനോജ് ചൗധരി പ്രതികരിച്ചതായി എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ചൊവ്വാഴ്ച രാത്രി മുതല്‍ ചന്ദ്രശേഖര്‍ ആസാദിനെയും ആസാദ് സമാജ് പാര്‍ട്ടി (മാര്‍ച്ചില്‍ ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ച പാര്‍ട്ടി) യുടെ ഡല്‍ഹി യൂണിറ്റ് അദ്ധ്യക്ഷന്‍ ഹിമാന്‍ഷു വാല്‍മികിയെയും കാണാനില്ലെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പ്രതികരിച്ചിരുന്നു.

Read more

ജേവാര്‍ ടോള്‍ പ്ലാസയില്‍ എത്തിയതിനു ശേഷം ചന്ദ്രശേഖര്‍ ആസാദിനെയും ഹിമാന്‍ഷുവിനെയും കുറിച്ച് യാതൊരു വിവരവുമില്ലെന്നും ഇവര്‍ എവിടെയാണ് ഉള്ളത് എന്നതിനെ കുറിച്ച് യാതൊരു സൂചനയും ഇല്ലെന്നും ആസാദ് സമാജ് പാര്‍ട്ടി കോര്‍ കമ്മറ്റി മെമ്പര്‍ രവീന്ദ്ര ഭട്ടി ബുധനാഴ്ച പറഞ്ഞിരുന്നു. തുടര്‍ന്ന് ബുധനാഴ്ച ഉച്ചയ്ക്ക് 12.30- ഓടെ ആസാദ് സമാജ് പാര്‍ട്ടി പ്രവര്‍ത്തകരും ഭീം ആര്‍മി പ്രവര്‍ത്തകരും അലിഗഢിലെ ടപ്പല്‍ പൊലീസ് സ്‌റ്റേഷനിലെത്തുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.