"പണക്കാരായ ചെറുപ്പക്കാർക്ക് സുന്ദരിമാരെ ലഭിക്കുന്നു, ദരിദ്രർ ഇതിൽ അസമത്വം നേരിടുന്നു": ലൈംഗികത-ബലാത്സംഗം; മുഖ്യധാരയിൽ നിന്നും വ്യത്യസ്തമായ അഭിജിത് ബാനർജിയുടെ വീക്ഷണങ്ങൾ

ഇന്ത്യൻ വംശജനായ അഭിജിത് ബാനർജിക്ക് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച വാർത്ത വലിയ പ്രാധാന്യത്തോടെ ആണ് ഇന്ത്യക്കാർ വരവേറ്റത്. അതിനിടെ നൊബേൽ സമ്മാന ജേതാവ് ലൈംഗികതയെയും ബലാത്സംഗത്തെയും കുറിച്ച് എഴുതിയ ഒരു പഴയ ലേഖനം ചർച്ചയാവുകയാണ്. മുഖ്യധാരാ ബുദ്ധിജീവി വീക്ഷണങ്ങളിൽ നിന്നും വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഇന്ത്യയിലെ ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയത്തിൽ അഭിജിത് ബാനർജി ഈ ലേഖനത്തിൽ മുന്നോട്ട് വെയ്ക്കുന്നത്.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നടത്തിയ ഒരു വിവാദ പ്രസ്താവനക്കുള്ള പ്രതികരണമായിരുന്നു 2012 ഒക്ടോബറിൽ ഹിന്ദുസ്ഥാൻ ടൈംസിൽ അഭിജിത് ബാനർജി എഴുതിയ ലേഖനം. പുരുഷന്മാരും സ്ത്രീകളും തമ്മിൽ പൊതുസ്ഥലങ്ങളിൽ സ്വതന്ത്രമായി ഇടപെടുന്നതും സ്നേഹപ്രകടനം നടത്തുന്നതുമാണ് രാജ്യത്ത് വർദ്ധിച്ചു വരുന്ന ബലാത്സംഗ കേസുകൾക്ക് കാരണമെന്നാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രസ്താവിച്ചത്. മമതാ ബാനർജിയുടെ ഈ പ്രസ്താവന വലിയ രീതിയിൽ ഉള്ള പ്രകോപനം അന്ന് സൃഷ്ടിച്ചിരുന്നു.

2012- ൽ ഹിന്ദുസ്ഥാൻ ടൈംസിന് വേണ്ടിയുള്ള ലേഖനത്തിൽ അഭിജിത് ബാനർജി ഇങ്ങനെ എഴുതി: “മമത ബാനർജിയുടെ പല അഭിപ്രായങ്ങളോടും എനിക്ക് യോജിപ്പില്ല, എന്നാൽ ഇന്ത്യയിൽ അടുത്തിടെയുണ്ടായ ബലാത്സംഗങ്ങൾ സ്ത്രീയും പുരുഷനും പൊതുസ്ഥലങ്ങളിൽ സ്നേഹപ്രകടനം നടത്തുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന അവരുടെ നിർദ്ദേശത്തിൽ കഴമ്പില്ലാതില്ല. പലരും പറയുന്നതു പോലെ അവരുടെ അഭിപ്രായം വിചിത്രമായ ഒന്നായി ഞാൻ കാണുന്നില്ല. ലൈംഗികമായ ആഗ്രഹത്തെക്കാൾ ശക്തിയുള്ള ചോദനകൾ കുറവാണ്, ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അവസരം ലഭിക്കാത്ത തരത്തിൽ ഉള്ള അസമത്വത്തേക്കാൾ വലിയ അസമത്വവും വേറെ ഉണ്ടാവില്ല. പണക്കാരായ ചെറുപ്പക്കാർക്ക് സുന്ദരികളായ പെൺകുട്ടികളെ ലഭിക്കുന്നു, കുറഞ്ഞപക്ഷം ബോളിവുഡ് (അല്ലെങ്കിൽ ഹോളിവുഡ്) നമ്മോട് പറയുന്ന സൗന്ദര്യത്തിനനുസരിച്ചെങ്കിലും. എന്നാൽ ദരിദ്രർക്ക് ഇക്കാര്യത്തിലും അസമത്വം നേരിടേണ്ടി വരുന്നു. ദിനവും ഈ വിഭജനം നേരിടേണ്ടി വരുന്നത് ഒട്ടും സന്തോഷകരമായിരിക്കില്ല.”

താൻ ‘ബലാത്സംഗത്തെ പ്രതിരോധിക്കുന്നില്ല’ എന്ന് വ്യക്തമാക്കുന്ന ബാനർജി പണവുമായി ബന്ധപ്പെട്ട അസമത്വത്തോടൊപ്പം തന്നെ ആശങ്കപ്പെടേണ്ട മറ്റ് അസമത്വങ്ങളും ഉണ്ടെന്ന വസ്തുത ചൂണ്ടിക്കാട്ടുന്നു.

സമൂഹത്തിലെ ലൈംഗികതയുമായി ബന്ധപ്പെട്ട അസമത്വം എങ്ങനെ കുറയ്ക്കാൻ കഴിയും എന്ന് അദ്ദേഹം ലേഖനത്തിൽ ആശങ്കപ്പെടുന്നു. അദ്ദേഹം എഴുതി: “ലൈംഗികതയുമായി ബന്ധപ്പെട്ട അസമത്വം കുറയ്ക്കുന്നതിന് ഒരു സമൂഹമെന്ന നിലയിൽ നമ്മൾ എന്താണ് ചെയ്യുന്നത്? പരസ്യമായി വേശ്യാലയങ്ങൾ തുടങ്ങണമെന്ന് ഞാൻ അർത്ഥമാക്കുന്നില്ല (വേശ്യാലയങ്ങൾ ചരിത്രത്തിൽ അജ്ഞാതമല്ലെങ്കിലും). കേവലം ഒരു സാധാരണ ജീവിതത്തിനുള്ള അവകാശത്തിന് എന്ത് ചെയ്യാൻ കഴിയും. നിങ്ങൾ ഇന്ത്യൻ നഗരത്തിൽ ദരിദ്രനായ ഒരു വ്യക്തിയോ അല്ലെങ്കിൽ മധ്യവർഗത്തിലോ പെടുന്ന 25 വയസ് പ്രായമുള്ള ആളാണെങ്കിൽ, നിങ്ങൾക്ക് സ്വന്തമെന്ന് വിളിക്കാൻ കഴിയുന്ന ഒരു സ്വകാര്യ മുറി വീട്ടിലോ അല്ലെങ്കിൽ സ്വന്തമായി ഒരു അപ്പാർട്ട്മെന്റോ ഉണ്ടാവണമെങ്കിൽ നിങ്ങൾ ഭാഗ്യം ചെയ്തിരിക്കണം.”

ദശലക്ഷക്കണക്കിന് ചെറുപ്പക്കാർ അവരുടെ സമപ്രായക്കാർ ഭാര്യമാരോടും കാമുകിമാരോടും ഒപ്പം കൈകൾ ചേർത്തു പിടിച്ചും കെട്ടിപ്പിടിച്ചും നടക്കുന്നതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് അദ്ദേഹം ആശ്ചര്യപ്പെടുന്നു, “മാതാപിതാക്കൾ സമ്പന്നരാണെന്നതിനാൽ അവർക്ക് പോകാനും പരസ്പരം അടുപ്പമുണ്ടാകാനും ഒരു സ്ഥലമുണ്ട്,” അഭിജിത് ബാനർജി അഭിപ്രായപ്പെടുന്നു.

കടപ്പാട്: ഫ്രീ പ്രസ് ജേർണൽ